തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചു; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി

Saturday 15 November 2025 5:38 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബി ജെ പി പ്രവർത്തകൻ ജീവനൊടുക്കി.തൃക്കണ്ണാപുരം സ്വദേശി ആനന്ദ് കെ തമ്പി ആണ് മരിച്ചത്. വീടിനകത്ത് തൂങ്ങിയനിലയിലാണ് കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരം വാർഡിൽ പാർട്ടി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ആനന്ദ് അറിയിക്കുകയും ചെയ്‌തിരുന്നു.

ജീവനൊടുക്കുന്നതിന് മുമ്പ് ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സാപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബി ജെ പി നേതാക്കളാണെന്നും, ആർ എസ് എസ്, ബി ജെ പി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സുഹൃത്തുക്കൾക്കയച്ച സന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നത്.

'എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല, പക്ഷേ ബി ജെ പി പ്രവർത്തകരെയും ആർ എസ് എസ് പ്രവർത്തകരെയും ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുതെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർ എസ് എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. മരണത്തിന് തൊട്ടുമുമ്പുവരെയും ഞാനൊരു ആർ എസ് എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.'- എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.