കക്കടാശേരി കവല വികസനം കടലാസിൽ ഒതുങ്ങി

Sunday 16 November 2025 12:41 AM IST

മൂവാറ്റുപുഴ: കക്കടാശേരി - കാളിയാർ റോഡിന്റെ കവാടമായ കക്കടാശേരി കവലയുടെ വികസനം കടലാസിൽ ഒതുങ്ങി. കൊച്ചി - ധനുഷ്‌കോടി റോഡിലെ മൂവാറ്റുപുഴ കക്കടാശേരി കവലയിൽനിന്ന് ആരംഭിക്കുന്നതും അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയതുമായ സംസ്ഥാന പാതയായ കക്കടാശേരി - കാളിയാർ റോഡിന്റെ ഉദ്ഘാടനം ഒരുമാസം മുമ്പാണ് നടന്നത്. എന്നാൽ ജംഗ്ഷൻ നവീകരണവും കക്കടാശേരി പാലത്തിൽ കാൽനടയാത്രക്കാർക്കായി സ്റ്റീൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. റോഡ് നവീകരണം പൂർത്തിയായതോടെ ഇതുവഴി ഗതാഗതത്തിരക്കും വർദ്ധിച്ചു. റോഡിന്റെ പ്രവേശന കവാടമായ കവല അപകട മേഖലയായി മാറിക്കഴിഞ്ഞു.

സംസ്ഥാന പാതയുടെ കവാടമായ കവലയുടെ വികസനം അടിയന്തരമായി നടപ്പാക്കി അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനുപുറമെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നിർമ്മാണം ഉയർന്ന നിലവാരത്തിൽ പൂർത്തിയായതോടെ 6.30 മീറ്റർ മാത്രം വീതിയുള്ള കക്കടാശേരി പാലത്തിലെ ഗതാഗതവും കൂടുതൽ ദുഷ്കരമായിരിക്കുകയാണ്.

ഒഴിവാക്കണം അപകടങ്ങൾ

1 മൂവാറ്റുപുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ കാളിയാർ റോഡിലേക്ക് പ്രവേശിക്കുന്ന കവലയിൽ മീഡിയനുകൾ സ്ഥാപിക്കുകയും ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണം

2 ഇതിനുപുറമെ ഫുട്പാത്തുകൾ നിർമ്മിക്കണം

3 ഗതാഗത സംവിധാനങ്ങൾ ഏർപ്പെടുത്തി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത് നിയന്ത്രിക്കണം

4 ദിശാബോർഡുകൾ സ്ഥാപിക്കണം

5 കവലയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കണം

റോഡ് നവീകരണത്തിന്റെ ഭാഗമായി കക്കടാശേരി കവല വികസനവും പാലത്തിൽ ഫുട്പാത്തും നിർമ്മിക്കേണ്ടതായിരുന്നു. എന്നാൽ നടപ്പായില്ല. കവലയിൽ അടക്കം അപകടങ്ങൾ വർദ്ധി​ക്കുന്ന സാഹചര്യത്തിൽ കവലവികസനം അടിയന്തരമായി നടപ്പാക്കണം

എൽദോസ് പുത്തൻപുര

റോഡ് വികസനസമിതി കൺവീനർ

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫണ്ട് അനുവദിച്ച കക്കടാശേരി - കാളിയാർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ നേരത്തെ തയ്യാറാക്കിയ ഡി.പി.ആറിൽ മാറ്റം വരുത്തിയതി​നാലാണ് കക്കടാശേരി പാലത്തിൽ നിർമ്മിക്കേണ്ടിയിരുന്ന ഫുട്പാത്തും, കവല വികസനവും നടക്കാതെ പോയത്

എൽദോ എബ്രഹാം

മുൻ എം.എൽ.എ