അപകടത്തിൽപ്പെട്ട ബസിലെ കണ്ടക്ടർക്ക് പൊലീസുകാരൻ രക്ഷകനായി
കൂത്താട്ടുകുളം: പാലാ - രാമപുരം - കൂത്താട്ടുകുളം റൂട്ടിലോടുന്ന അലോൺസ് ബസ് ചാരംചിറ ഇറക്കത്തിൽവച്ച് ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും ദുരന്തമൊഴിവായി. ഇന്നലെ രാവിലെയാണ് സംഭവം. നിരവധി യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇറക്കത്തിൽ ബസിന് ബ്രേക്ക് നഷ്ടപ്പെട്ടതറിഞ്ഞ ഡ്രൈവർ സൈഡൊതുക്കി മതിലിൽ ഇടിപ്പിച്ച് നിറുത്താൻ ശ്രമിച്ചു. കണ്ടക്ടർ സെബിൻ സാജു ചാടിയിറങ്ങി ബസ് നിറുത്താൻ ടയറിന് തടവയ്ക്കാൻ ശ്രമിക്കുന്നതിനിടെ കാൽ ടയറിനടിയിൽ കുടുങ്ങിപ്പോയി. എല്ലാവരും പകച്ചുനിൽക്കുമ്പോഴാണ് അതുവഴിവന്ന കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ കൃഷ്ണചന്ദ്രൻ എത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരെയും യാത്രക്കാരെയുംകൂട്ടി ബസ് തള്ളി നീക്കിയാണ് ടയറിനടിയിൽനിന്ന് കണ്ടക്ടറെ രക്ഷപ്പെടുത്തിയത്. തുടർന്ന് കൃഷ്ണചന്ദ്രൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കണ്ടക്ടറുടെ കാലുകൾക്ക് ഗുരുതരമായ ചതവുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തെയും വിവരം അറിയിച്ചു.