ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; ആക്രമണം പുകവലി ചോദ്യം ചെയ്തതിന്, റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പ്

Saturday 15 November 2025 6:31 PM IST

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവമുണ്ടായ ദിവസം സുരേഷ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേരള എക്‌സ്‌പ്രസിൽ കയറിയത്. സംഭവങ്ങൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. ട്രെയിനിൽ കയറുന്നതിന് മുൻപ് മദ്യപിക്കാനെത്തിയ ബാറിലും ഇന്ന് തെളിവെടുപ്പ് നടത്തി.

സുരേഷ് കുമാറിനെ ഇന്നലെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തിരുന്നു. നിരപരാധിയാണെന്ന് പറഞ്ഞ് കരയുകയും തന്റെ അഭിപ്രായങ്ങൾ മാറ്റി പറയാൻ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷിയായ ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയുടെ മൊഴി ചൂണ്ടിക്കാട്ടി പൊലീസ് പ്രതിരോധിച്ചു. ഒടുവിൽ സംഭവ ദിവസമുണ്ടായ കാര്യങ്ങൾ വിശദീകരിച്ച് കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്നാണ് തെളിവെടുപ്പ് നടത്താൻ തീരുമാനിച്ചത്.

പൂജപ്പുര സെൻട്രൽ ജയിലിൽ തിരിച്ചറിയൽ പരേഡ് നടത്തി ശ്രീക്കുട്ടിക്കൊപ്പമുണ്ടായിരുന്ന അർച്ചന പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് നിയോഗിച്ച സമിതിയും അർച്ചനയുമാണ് പരേഡിൽ പങ്കെടുത്തത്.ആക്രമണത്തിൽ പരിക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തലച്ചോറിന്റെ പരിക്കിന് മാറ്റമുണ്ടായിട്ടില്ല.

ഈ മാസം രണ്ടിന് കേരള എക്സ്പ്രസിൽ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നത് ചോദ്യം ചെയ്തതിനാണ് ജനറൽ കമ്പാർട്ട്‌മെന്റിന്റെ വാതിലിന് സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി പുറത്തേക്ക് ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു.അർച്ചനയുടെ ബഹളം കേട്ട് ചുവന്ന ഷർട്ട് ധരിച്ചയാളാണ് ആദ്യം ഓടിയെത്തിയത്. അർച്ചനയെ രക്ഷിച്ചശേഷം പ്രതിയെയും കീഴടക്കി. ഈ രക്ഷകനെ പിന്നീട് ട്രെയിനിൽ ഉണ്ടായിരുന്ന ആരും കണ്ടിട്ടില്ല.