'എന്റെ ഭൗതീകശീരം പോലും അവരെ കാണിക്കരുത്, ജീവിതത്തിൽ പറ്റിയ തെറ്റ് ആർ എസ് എസുകാരനായി ജീവിച്ചത് ' ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ജീവനൊടുക്കുന്നതിന് തൊട്ടു മുൻപ് സുഹൃത്തുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നത്. ആത്മഹത്യാ കുറിപ്പിൽ ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്.
തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബി.ജെ.പി നേതാക്കളാണെന്നും ബി.ജെ.പി- ആർ,എസ്,എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും ആത്മഹത്യാ സന്ദേശത്തിൽ പറയുന്നു. അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം. അതിന് വേണ്ടിയാണ് മണ്ണ് മാഫിയക്കാരനെ സ്ഥാനാർത്ഥിയാക്കിയതെന്നും ആനന്ദ് ആരോപിക്കുന്നു.
ബി.ജെ.പി സ്ഥാനാർത്ഥിയായി തൃക്കണ്ണാപുരത്ത് മത്സരിക്കുന്നതിന്റെ താത്പര്യം താൻ ആർ.എസ്.എസ് ജില്ലാ കാര്യകർത്താക്കളെ നേരിട്ട് അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മണ്ണു മാഫിയാ സംഘം ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും തലപ്പത്ത് പിടിമുറുക്കിയപ്പോൾ തൃക്കണ്ണാപുരം വാർഡിൽ തനിക്ക് ബി.ജെ.പി സ്ഥാനാർത്ഥി ആകാൻ സാധിച്ചില്ല. അതിനാൽ തൃക്കണ്ണാപുരം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ പറയുന്നത്. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ മാനസിക സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിഞ്ഞില്ലെന്നും അടുത്ത സുഹൃത്തുക്കൾ പോലും എന്നിൽ നിന്ന് അകന്നുപോവുകയാണെന്നും ആനന്ദ് പറയുന്നുണ്ട്.
എന്റെ ഭൗതിക ശരീരം എവിടെ കൊണ്ട് കുഴിച്ചിട്ടാലും സാരമില്ല, പക്ഷേ ബി.ജെ.പി പ്രവർത്തകരെയും ആർ.എസ്,എസ് പ്രവർത്തകരെയും ആ ഭൗതീക ശരീരം കാണാൻ് പോലും അനുവദിക്കരുതെന്നും ആനന്ദ് അഭ്യർത്ഥിച്ചു. എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഞാൻ ഒരു ആർ.എസ്.എസുകാരനായി ജീവിച്ചിരുന്നു എന്നതാണ്. ഈ മരണത്തിന് തൊട്ടുമുമ്പു വരെയും ഞാൻ ആർ.എസ്.എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അത് തന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനിയും ഒരാൾക്കും ഇത്തരത്തിലൊരു വിധി ഉണ്ടാകരുതെന്നും ആനന്ദ് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു .
അതേസമയം ആനന്ദിന്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്.