മുന്നണി പ്രശ്‌നം തീർന്നിട്ടും തീരാതെ പാർട്ടി പിണക്കങ്ങൾ

Sunday 16 November 2025 1:17 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നണിയിലെ പ്രശ്‌നങ്ങൾ ദിവസങ്ങളുടെ ശ്രമഫലമായി പരിഹരിച്ചെങ്കിലും അതിനേക്കാൾ വലിയ വിമത തലവേദനയിൽ ജില്ലയിലെ പാർട്ടികൾ. കോൺഗ്രസിനും സി.പി.ഐയ്ക്കും ബി.ജെ.പിക്കും മുസ്ലീം ലീഗിനുമെല്ലാം വിമത ശല്യം ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ടിക്കുന്നത്. കൊച്ചി കോർപ്പറേഷനിലെ യുവ കോൺഗ്രസ് കൗൺസിലർ ബാസ്റ്റിൻ ബാബു രാജിവെച്ചതാണ് കോൺഗ്രസിന് പ്രധാന തലവേദനയായത്. പള്ളുരുത്തി കോണം വാർഡിൽ നിന്ന് മുൻ ഡെപ്യൂട്ടി മേയർ കൂടിയായ കെ.ആർ. പ്രേംകുമാർ രാജിവെച്ചതും കോൺഗ്രസിന് തിരിച്ചടിയായി. ഇദ്ദേഹത്തിനൊപ്പം ഒരു മഹിളാ കോൺഗ്രസ് അംഗം ഉൾപ്പെടെ മൂന്ന് പേർ മൂന്ന് വാർഡുകളിൽ സ്വതന്ത്രരായി മത്സരിക്കാനുള്ള തീരുമാനത്തിലാണ്.

കോർപ്പറേഷൻ മൂന്നാം ഡിവിഷനിൽ മഹിളാ കോൺഗ്രസ് നേതാവ് സുനിത ഷമീർ വിമതയായി മത്സരിക്കും.

മുളവുകാട് പഞ്ചായത്തിൽ റോസ്‌മേരി മാർട്ടിൻ, എടത്തലയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ്, കൂത്താട്ടുകുളത്ത് ദീപ ഷാജി, പിറവത്ത് കോൺഗ്രസ് ബ്ലോക്ക് ജനൽ സെക്രട്ടറി തമ്പി പുതുവാക്കൽ, പറവൂരിൽ നഗരസഭാ കൗൺസിലർ സോമൻ മാധവൻ, വൈറ്റിലയിൽ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.എസ് അശോകൻ എന്നിവരെല്ലാം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പലയിടത്തും സി.പി.എമ്മിന് വിമത ഭീഷണിയുണ്ട്. കൊച്ചിയിലെ രണ്ടാം ഡിവിഷനിലെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ഫോർട്ട് കൊച്ചി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് സീനത്ത് സത്താർ വിമത ഭീഷണിയുമായി രംഗത്തുണ്ട്. രണ്ടാം ഡിവിഷനിൽ ഇവർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. പേരിന് വേണ്ടി ഐ.എൻ.എലിന് ഇവിടെ സീറ്റ് നൽകിയെങ്കിലും സി.പി.എം തന്നെ തങ്ങൾക്ക് ഇഷ്ടമുള്ളയാളെ സ്വതന്ത്ര ലേബലിൽ സ്ഥാനാർത്ഥിയാക്കിയെന്നാണ് ആരോപണം. ഷക്കീല സൈഫുദ്ദീനാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.

സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടി പ്രാഥമികാംഗത്വം രാജിവെച്ച സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റി അംഗവും ഡെപ്യൂട്ടി മേയറുമായിരുന്ന കെ.എ. അൻസിയയുമായി കോൺഗ്രസ് ഉൾപ്പെടെ ചർച്ച തുടരുന്നുവെന്നാണ് വിവരം.

മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണയത്തിൽ സ്വജനപക്ഷ പാതവും അഴിമതിയും ചൂണ്ടിക്കാട്ടി വനിത ലീഗ് ജില്ലാ സെക്രട്ടറി സജി കബീർ രാജിവച്ചിരുന്നു. മറ്റൊരു ലീഗ് വനിതാ നേതാവും കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്ന് രാജി വെച്ചിരുന്നു. ലീഗിന് ലഭിച്ച മൂന്ന് സീറ്റുകളിലും പാർട്ടിയുമായി ബന്ധമില്ലാത്തവരെയാണ് നിറുത്തിയത് എന്നാരോപിച്ചാണ് രാജി. ഇവർ കോർപ്പറേഷനിലെ രണ്ടാം വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്നുണ്ട്.

ബി.ജെ.പിയുമായി ഇടഞ്ഞ ദീർഘകാലം കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്ന ശ്യാമള പ്രഭു ചെറാളായി വാർഡിൽ സ്വതന്ത്രയായി മത്സരിക്കുന്നത് ബി.ജെ.പിക്കും തലവേദനയാണ്.