'സ്ഥാനാർത്ഥികളുടെ  പാനലിൽ   ആനന്ദിന്റെ  പേര്  ഉണ്ടായിരുന്നില്ല, കാരണം  കണ്ടുപിടിക്കാൻ നിർദേശം നൽകിയിട്ടുണ്ട്'

Saturday 15 November 2025 7:31 PM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃക്കണ്ണാപുരം വാർഡിലെ സ്ഥാനാർത്ഥികളുടെ പാനൽ ചർച്ചയ്ക്ക് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആനന്ദ് ജീവനൊടുക്കിയതിന് പിന്നിൽ എന്താണ് കാരണം എന്ന് കണ്ടുപിടിക്കാൻ ജില്ലാ അദ്ധ്യക്ഷന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്നാണ് ബിജെപി നേതാവ് വിവി രാജേഷ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. മാദ്ധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'പെട്ടെന്ന് മുഖം ഓർമ്മ വരുന്നില്ല. മാദ്ധ്യമങ്ങളിൽ വന്നപ്പോഴാണ് ശ്രദ്ധിക്കുന്നത്. പ്രാദേശിക പ്രവർത്തകൻ ആകണം. വ്യക്തിപരമായി എനിക്ക് ആനന്ദിനെ അറിയില്ല. സ്ഥാനാർത്ഥി പട്ടിക വാർഡുകളിൽ നിന്ന് വന്നപ്പോൾ അത്തരത്തിൽ ഒരു പേരുള്ളതായി ഞാൻ ഓർക്കുന്നില്ല'- വിവി രാജേഷ് പറഞ്ഞു.

ഇന്ന് വീടിനകത്ത് തൂങ്ങിയനിലയിലാണ് ആനന്ദിനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിരുന്നു. ജീവനൊടുക്കുന്നതിന് തൊട്ടു മുൻപ് സുഹൃത്തുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശമാണ് പുറത്തുവന്നത്. ആത്മഹത്യാ കുറിപ്പിൽ ബി.ജെ.പി,​ ആർ. എസ്.എസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബി ജെ പി നേതാക്കളാണെന്നും ആർ എസ് എസ് - ബി ജെ പി നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നുമൊക്കെയാണ് സുഹൃത്തുക്കൾക്കയച്ച സന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നത്.