കൊച്ചി മെട്രോയ്ക്ക് ദേശീയ പുരസ്‌കാരം

Sunday 16 November 2025 12:04 AM IST
കൊച്ചി മെട്രോ

കൊച്ചി: കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് ഏർപ്പെടുത്തിയ സിറ്റി വിത്ത് ബെസ്റ്റ് ഗ്രീൻ ട്രാൻസ്പോർട്ട് ഇനിഷ്യേറ്റീവ് അവാർഡ് കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവാർഡ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ, ഡയറക്ടർമാരായ സഞ്ജയ്‌കുമാർ, ഡോ. എം.പി. രാംനവാസ് എന്നിവർ കേന്ദ്ര ഭവന നഗരകാര്യവകുപ്പ് മന്ത്രി മനോഹർ ലാലിൽ നിന്ന് ഏറ്റുവാങ്ങി.

കൊച്ചി മെട്രോയുടെ ഊർജ്ജ ആവശ്യകതയുടെ 53 ശതമാനവും സൗരോർജ്ജ വൈദ്യുതിയിലൂടെയാണ് നിറവേറ്റുന്നത് എന്ന് ലോക്‌നാഥ് ബഹ്റ പറഞ്ഞു. 2028ഓടെ ആവശ്യമായ വൈദ്യുതി മുഴുവൻ സൗരോർജ്ജത്തിലൂടെ സ്വന്തമായി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. നിലവിൽ 11.33 മെഗാവാട്ട് വൈദ്യുതിയാണ് കൊച്ചി മെട്രോ സൗരോർജ്ജത്തിലൂടെ ഉത്പാദിപ്പിക്കുന്നത്. ഈ ബഹുമതി കൊച്ചിക്കാർക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.