കോഴിക്കോട് കോർപ്പറേഷൻ: സ്ഥാനാർത്ഥി നിർണയം; മുന്നണികളിൽ തർക്കം
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളിൽ തർക്കം. യു.ഡി.എഫിൽ കോൺഗ്രസിലും മുസ്ലിംലീഗിലും പ്രശ്നങ്ങളുണ്ട്. സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഡി.സി.സി ജനറൽസെക്രട്ടറി എൻ.വി ബാബുരാജ് രാജിവെച്ചു. കോൺഗ്രസ് വെള്ളയിൽ ബ്ലോക്ക് പ്രസിഡന്റ് വിൽഫ്രഡ് രാജ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി. ആർ.ജെ.ഡി സ്ഥാനാർത്ഥിയായി നടക്കാവിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്. എൽ.ഡി.എഫിൽ കല്ലായ് ഡിവിഷനിൽ സി.പി.എം - സി.പി.ഐ തർക്കം തുടരുകയാണ്. ബി.ജെ.പിയിൽ ജില്ലാ പ്രസിഡൻറ് കെ.പി പ്രകാശ് ബാബു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്ക് പോലും സീറ്റ് ലഭിക്കാത്തതിനാൽ രണ്ടാംഘട്ട പട്ടിക വൈകുകയാണ്.
കല്ലായി കീറാമുട്ടിയായി; എൽ.ഡി.എഫിലും തർക്കം
കോഴിക്കോട്: കോർപ്പറേഷനിൽ മൂന്നിടത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാവാതെ എൽ.ഡി.എഫ്. കല്ലായി, മുഖദാർ, കാരപ്പറമ്പ് എന്നിവിടങ്ങളിലാണ് എൽ.ഡി.എഫിന് സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായിരിക്കുന്നത്. കല്ലായി ഡിവിഷനിൽ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം തുടരുകയാണ്. സി.പി.ഐയ്ക്ക് നൽകിയ സീറ്റിൽ മുൻ മേയർ ഒ.രാജഗോപാലിൻറെ അനിയൻ പ്രശാന്തിനെയായിരുന്നു അവർ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. ഇതിൻറെ അടിസ്ഥാനത്തിൽ പ്രശാന്ത് തിരഞ്ഞെടുപ്പ് പ്രവർത്തനവും തുടങ്ങി. എന്നാൽ യു.ഡി.എഫിൻറെ മേയർ സ്ഥാനാർത്ഥിയായി സംവിധായകൻ വി.എം വിനു കല്ലായിൽ എത്തിയതോടെ കളം മാറി. വി.എം വിനുവിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നു. തുടർന്ന് പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന ധാരണയിൽ സി.പി.എം എത്തി. ഇതിൻറെ അടിസ്ഥാനത്തിൽ കലാമേഖലയിലുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം സി.പി.എം നേതൃത്വം സി.പി.ഐ നേതൃത്വത്തെ അറിയിച്ചു. ഇതുപ്രകാരം സി.പി.ഐ ജില്ലാ നേതൃത്വം കല്ലായി വാർഡിലെ പാർട്ടി നേതാക്കളെ ബന്ധപ്പെട്ടെങ്കിലും ശക്തമായ എതിർപ്പ് ഉയർന്നു. സ്ഥാനാർത്ഥിയെ മാറ്റാനാവില്ലെന്ന നിലപാട് പ്രാദേശിക നേതൃത്വം എടുത്തതോടെ നേതൃത്വം വെട്ടിലായി. പ്രശാന്ത് തന്നെ മത്സരിക്കട്ടെയെന്ന നിലപാടാണ് സി.പി.എമ്മിൻറെ പ്രാദേശിക നേതൃത്വത്തിനുമുള്ളതെന്നാണ് അറിവ്. ഈ കാര്യങ്ങൾ സി.പി.ഐ ജില്ലാ നേതൃത്വം സി.പി.എം നേതൃത്വത്തെ അറിയിച്ചു. ഇതോടെ ഇന്നലെ നടന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കല്ലായിയുടെ കാര്യവും മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയുടെ പാർലമെന്ററി പാർട്ടി നേതാവ് നവ്യ ഹരിദാസ് മത്സരിക്കുന്ന കാരപ്പറമ്പ് ആർ.ജെ.ഡിയിൽ നിന്നും ഏറ്റെടുക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും ആർ.ജെ.ഡി വഴങ്ങിയില്ല. ആർ.ജെ.ഡിയുടെ മുതിർന്ന നേതാവ് പി.കിഷൻചന്ദ് കാരപ്പറമ്പിൽ മത്സരിക്കുന്നില്ലെന്ന് എൽ.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. തുടർച്ചയായി മൂന്നാം വിജയം ലക്ഷ്യമിടുന്ന നവ്യക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ നിർത്താനാണ് സി.പി.എം ആഗ്രഹിക്കുന്നത്. മുഖദാറിൽ മുസ്ലിംലീഗിലുള്ള പ്രശ്നങ്ങൾ മുതലാക്കാൻ കഴിയുന്ന നേതാക്കളെ രംഗത്തിറക്കാനാണ് എൽ.ഡി.എഫ് തീരുമാനമെന്നാണ് വിവരം.
കോൺഗ്രസിന് ഞെട്ടലായി ഡി.സി.സി ജനറൽ സെക്രട്ടറിയുടെ രാജി
കോഴിക്കോട്: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി യു.ഡി.എഫിൽ ഉടലെടുത്ത പ്രതിസന്ധികൾ അവസാനിക്കുന്നില്ല. സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി എൻ.വി ബാബുരാജ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത് നേതൃത്വത്തെ ഞെട്ടിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.പി.സി.സി മാർഗരേഖ ഉണ്ട്. എന്നാൽ എരഞ്ഞിപ്പാലം വാർഡിൽ കെ.പി.സി.സി സ്ഥാനാർത്ഥി നിർണയ മാർഗരേഖ അട്ടിമറിച്ചു. വാർഡ് കമ്മിറ്റി നൽകിയ പേരുകൾ പരിഗണിച്ചില്ലെന്നും എൻ.വി ബാബുരാജ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പരാജയം ഭയന്നാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് മറ്റൊരു വാർഡിലേക്ക് മാറിയത്. എരഞ്ഞിപ്പാലം വാർഡിൽ വാർഡുമായി ബന്ധമില്ലാത്ത മുൻ ബ്ലോക്ക് സെക്രട്ടറിയെയാണ് സ്ഥാനാർത്ഥിയാക്കിയത്. നാലര വർഷമായി പാർട്ടിയിൽ യാതൊരു പ്രവർത്തനവും നടത്താത്ത ആളാണ് ഇദ്ദേഹം. മുതിർന്ന നേതാക്കളുടെ അഭാവമാണ് കോഴിക്കോട്ട് പാർട്ടിയുടെ അപചയത്തിന് കാരണം. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാറിന്റെ നേതൃത്വത്തിലാണ് കോഴിക്കോട്ടെ കോൺഗ്രസിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്. കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുന്നതായും രണ്ടു ദിവസത്തിനകം തുടർ കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. നടക്കാവ് കൗൺസിലർ അൽഫോൺസാ മാത്യു രാജിവെച്ച് ആം ആദ്മി പാർട്ടിയിൽ ചേർന്നിരുന്നു. ഭരണം പിടിക്കാൻ ഒരുങ്ങി ആദ്യമേ ഒരുക്കങ്ങൾ നടത്തിയ കോൺഗ്രസിന് ബാബുരാജിൻറെ രാജി വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രമുഖ നേതാക്കൾക്ക് സീറ്റില്ല; ബി.ജെ.പിയിൽ അതൃപ്തി
കോഴിക്കോട്: വലിയ പ്രതീക്ഷയോടെ കോഴിക്കോട് കോർപ്പറേഷനിൽ മത്സരിക്കാനൊരുങ്ങുന്ന ബി.ജെ.പിക്ക് സ്ഥാനാർത്ഥി നിർണയം തിരിച്ചടിയാവുന്നു. മുതിർന്ന നേതാക്കൾ മത്സരിക്കാൻ തയ്യാറാവാത്തതും സിറ്റിംഗ് കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടതും പാർട്ടിയിൽ അതൃപ്തിയുണ്ടാക്കിയിരിക്കുകയാണ്. മുതിർന്ന നേതാവ് കെ.പി ശ്രീശൻ മേയർ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ട് നേരത്തെ വന്നിരുന്നുവെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ.പി പ്രകാശ് ബാബു ചാലപ്പുറത്ത് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ജില്ലാ പ്രസിഡൻറുമാർ മത്സരിക്കണ്ടായെന്ന നിലപാടാണ് സംസ്ഥാനനേതൃത്വം സ്വീകരിച്ചത്. വി.കെ സജീവൻറെ പേര് ചാലപ്പുറത്ത് പരിഗണിച്ചെങ്കിലും അവസാനം തർക്കം മൂലം നടന്നില്ല. അടുത്ത കാലത്ത് സംഘപരിവാർ സഹയാത്രികനായി എത്തിയ എൻ.എസ്.എസ് പിന്തുണയുള്ള അനിൽകുമാർ മത്സരിക്കട്ടേയെന്ന നിലപാടാണ് ആർ.എസ്.എസ് സ്വീകരിച്ചത്. മുൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.രഘുനാഥിന് ഒരു കേസിൽ ശിക്ഷിക്കപ്പെട്ടത് കാരണം അയോഗ്യനായതോടെ മത്സരരംഗത്ത് നിന്നും മാറിനിൽക്കേണ്ട സാഹചര്യവും വന്നു. ഇതോടെ മേയർ സ്ഥാനാർത്ഥിയായി ഉയർത്താൻ പോലും ഒരു മുഖമില്ലാത്ത അവസ്ഥയിലായി ബി.ജെ.പി. ബി.ഡി.ജെ.എസിന് രണ്ട് സീറ്റും ബാക്കി 74 സീറ്റിൽ ബി.ജെ.പിയും മത്സരിക്കാനാണ് എൻ.ഡി.എയിൽ ധാരണയുണ്ടായിരുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി നിർണയത്തിൽ ആർ.എസ്.എസിനും കടുത്ത അമർഷമാണുള്ളത്. ജില്ലാ വൈസ് പ്രസിഡൻറുമാരായ ഇ. പ്രശാന്ത് കുമാർ, നിർമ്മല്ലൂർ രാജീവൻ, കൗൺസിലർ ശിവപ്രസാദ്, ബേപ്പൂർ മണ്ഡലം പ്രസിഡൻറ് ഷൈമ മാറാട്, ജില്ല ഭാരവാഹികളായ സി.പി വിജയകൃഷ്ണൻ, എൻ.പി പ്രദീപ് കുമാർ എന്നിവർക്കും സീറ്റ് നിഷേധിക്കപ്പെട്ടു. ഞായറാഴ്ച ചേർന്ന ഓൺലൈൻ ജില്ലാ കോർകമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾ ഉയർത്തി മുതിർന്ന നേതാക്കൾ വിമർശനമുന്നയിച്ചതായാണ് വിവരം.