ശബരിമല: ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ മല ചവിട്ടാം

Sunday 16 November 2025 12:41 AM IST

ശബരിമല: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടും. 30,000 പേരാണ് ഇന്ന് ദർശനത്തിനായി ഓൺലൈൻ ബുക്ക് ചെയ്തിരിക്കുന്നത്. നാളെ മുതൽ മണ്ഡലപൂജ വരെ പ്രതിദിനം വെർച്വൽ ക്യൂ ബുക്കിംഗ് 70,000 ആണ്. ഇതുകൂടാതെ 20,000പേർക്ക് പ്രതിദിനം സ്‌പോട്ട് ബുക്കിംഗ് വഴിയും ദർശനം നടത്താം. മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27ന് നടയടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് തീർത്ഥാടനത്തിന് സമാപനമാകും. ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദും മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരിയും ഇന്ന് ചുമതലയേൽക്കും. നാളെ പുലർച്ചെ 3ന് വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക.