മലയാളി മന്നന് വണക്കം: സഞ്ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിംഗ്സിൽ, സ്വന്തമാക്കിയത് 18 കോടിക്ക്

Sunday 16 November 2025 12:43 AM IST

ചെന്നൈ: ഐ.പി.എൽ ലേലത്തിൽ മലയാളികളുടെ സ്വന്തം സഞ്ജു സാംസണെ 18 കോടിക്ക് റാഞ്ചി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്നലെ രാവിലെയാണ് രാജസ്ഥാൻ റോയൽസ് ടീമിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ ട്രേഡിംഗിലൂടെ ടീമിലെത്തിച്ച കാര്യം ചെന്നൈ സൂപ്പർ കിംഗ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പകരം രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് പേസ് ഓൾറൗണ്ടർ സാം കറനും ചെന്നൈയിൽ നിന്ന് രാജസ്ഥാനിലുമെത്തി. കഴി‌ഞ്ഞ മെഗാലേലത്തിന് മുൻപ് 18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ നിലനിറുത്തിയിരുന്നത്. അതേസമയം, ചെന്നൈയിൽ സഞ്ജുവിന് നായകസ്ഥാനം ലഭിക്കില്ല. റുതുരാജ് ഗെയ്‌ക്‌വാദ് ക്യാപ്‌ടനായി തുടരുമെന്ന് ടീം അധികൃതർ ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എം.എസ് ധോണിയുടെ പിൻഗാമിയായി സി.എസ്.കെ ടീമിലെത്തിയ സഞ്ജുവിന് ഇഷ്‌ടപ്പെട്ട ബാറ്റിംഗ് പൊസിഷനായ ഓപ്പണർ സ്ഥാനം ലഭിച്ചേക്കും. വിക്കറ്റ് കീപ്പറും സഞ്ജു തന്നെയായിരിക്കും.