കാട്ടാന കിടങ്ങെടുപ്പിക്കുന്നു; തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

Sunday 16 November 2025 12:43 AM IST

പത്തനാപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് നിലവിൽ ചെയ്യിക്കുന്ന കഠിനമായ ജോലികൾ വൃദ്ധർ അടക്കമുള്ളവർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നതായി വ്യാപക പരാതി. ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിൽ കാട്ടാനകൾ ഇറങ്ങാതിരിക്കാൻ കൂറ്റൻ കിടങ്ങുകൾ എടുക്കുന്ന ജോലിയാണ് കഠിനമായതിനാൽ പ്രതിഷേധത്തിന് കാരണമാകുന്നത്.

കഠിനമായ ജോലിയും ദുരിതവും

തൊഴിലാളികൾ പറയുന്നതനുസരിച്ച് 15 അടി താഴ്ചയിലും എട്ട് അടിയോളം വീതിയിലുമാണ് ഈ കിടങ്ങുകൾ എടുക്കേണ്ടത്. വൃദ്ധർ അടക്കമുള്ള തൊഴിലാളികൾ ഈ കൂറ്റൻ കുഴികളിൽ ഇറങ്ങുന്നതും ജോലിക്ക് ശേഷം കരയ്ക്ക് കയറുന്നതും ഏറെ പ്രയാസകരമാണ്. സാധാരണ നിലയിൽ ഇത്തരം വലിയ ജോലികൾ ജെ.സി.ബി. ഉപയോഗിച്ചാണ് ചെയ്യിക്കാറുള്ളത്. പല സ്ഥലങ്ങളിലും കൂറ്റൻ കല്ലുകളും കട്ടിയുള്ള പ്രദേശങ്ങളുമാണ് ഉള്ളത്. ഇവിടെ കഠിനമായ പണികൾ ചെയ്താൽ മാത്രമേ കിടങ്ങുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയൂ.

കനാലുകളിലും പൊതുസ്ഥലങ്ങളിലും കാടുകൾ നിറയുന്നു

മുൻ കാലങ്ങളിൽ കനാലുകൾ, പഞ്ചായത്ത്-മുനിസിപ്പൽ റോഡുകളുടെ ഓരങ്ങൾ, ദേശീയപാതയോരങ്ങൾ, സ്വകാര്യ പുരയിടങ്ങളിലെ കാടുകൾ തെളിക്കൽ തുടങ്ങിയ താരതമ്യേന എളുപ്പമുള്ള ജോലികളാണ് തൊഴിലുറപ്പ് തൊഴിലാളികൾ ചെയ്തിരുന്നത്. എന്നാൽ, നിലവിൽ അധികൃതർ ഈ ജോലികൾ ഒഴിവാക്കിയതായി പരാതിയുണ്ട്.

തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കെ.ഐ.പിയുടെ ഇടത്, വലത്കര കനാലുകളുടെ ഉൾഭാഗങ്ങളിലെ കാടുകൾ തെളിക്കുന്ന ജോലികൾ ഉപേക്ഷിച്ചതോടെ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ മുതൽ ഒറ്റക്കൽ ലുക്ക് ഔട്ട് തടയണ വരെയുള്ള കനാലുകളിൽ കാടുകൾ വളർന്ന് കൂറ്റൻ വൃക്ഷങ്ങളായി രൂപപ്പെട്ടു കഴിഞ്ഞു. ഇത് വേനൽക്കാല ജലവിതരണത്തെ ബാധിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. ഇത് കൂടാതെ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും കാടുകൾ വളർന്ന് ഇഴജന്തുക്കളുടെ കേന്ദ്രങ്ങളായി മാറുകയാണ്.

കഠിനമായ ജോലികളിൽ നിന്നും തൊഴിലുറപ്പ് തൊഴിലാളികളെ മാറ്റി പകരം മറ്റ് ജോലികൾ നൽകണം. തൊഴിലാളികൾ