മോട്ടോർ തകരാറിൽ; കൃഷി ഇറക്കാനാകാതെ കർഷകർ

Sunday 16 November 2025 1:53 AM IST

ഷൊർണൂർ: കാരക്കാട് ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലെ മോട്ടോർ തകരാറിലായതിനെ തുടർന്ന് പാടശേഖര സമിതിയിൽ രണ്ടാം വിള കൃഷിയിറക്കാനാകാതെ കർഷകർ പ്രതിസന്ധിയിൽ. വെള്ളം പമ്പ് ചെയ്യാൻ മാർഗ്ഗമില്ലാത്തത് കാരണം പാടങ്ങൾ പൂട്ടാൻ പോലും കഴിയുന്നില്ല. കഴിഞ്ഞവർഷം ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിലെ രണ്ട് 20 എച്ച്.പി മോട്ടോറുകളും, സ്റ്റാർട്ടർ, ഇലക്ട്രിക് പാനൽ ബോർഡ് എന്നിവയും മോഷണം പോയിരുന്നു. ഏക്കർ കണക്കിന് മുണ്ടകൻ നെൽകൃഷി ഉണങ്ങാൻ തുടങ്ങിയതിനെ തുടർന്ന് ഷൊർണൂർ എം.എൽ.എ മുഹമ്മദ് മുഹസിന്റെയും നഗരസഭാ ചെയർമാൻ്റെയും ഇടപെടലിനെ തുടർന്ന് ഇറിഗേഷൻ വകുപ്പധികൃതർ മറ്റൊരിടത്ത് നിന്ന് ഒരു 20 എച്ച്.പി മോട്ടോറും പാനൽ ബോർഡും പമ്പ് ഹൗസിൽ താൽക്കാലികമായി സ്ഥാപിച്ചു. രണ്ട് മോട്ടോർ വേണ്ടിടത്ത് ഈ ഒരു മോട്ടോർ രാത്രിയും പകലും പ്രവർത്തിപ്പിച്ചാണ് ഒരു പരിധിവരെ കഴിഞ്ഞ വർഷത്തെ രണ്ടാം വിളകൃഷിയെ ഉണക്കിൽ നിന്ന് രക്ഷിച്ചെടുത്തത്. പുതിയ 20 എച്ച്.പി മോട്ടോർ സ്ഥാപിച്ച് പമ്പ് ഹൗസും കനാലും നവീകരിക്കണമെന്നാവശ്യപ്പെട്ട് കാരക്കാട് പാടശേഖര സമിതി ഭാരവാഹികൾ നവകേരള സദസ്സിലും, മുഖ്യമന്ത്രിക്കും, ജലസേചനമന്ത്രിക്കും, കൃഷിമന്ത്രിക്കും, എം.എൽ.എയ്ക്കും, നഗരസഭ ചെയർമാനും, മറ്റു ഉദ്യോഗസ്ഥർക്കും നിവേദനങ്ങൾ നൽകിയിരുന്നു. ഈ വർഷത്തെ രണ്ടാം വിള നെൽകൃഷി ആരംഭിക്കാൻ വെള്ളമില്ലാത്തതിനെ തുടർന്ന് ഇറിഗേഷൻ വകുപ്പിന് പരാതി നൽകിയ സാഹചര്യത്തിൽ പമ്പിംഗ് ആരംഭിക്കാൻ താൽക്കാലിക ഓപ്പറേറ്ററെ നിയോഗിച്ചെങ്കിലും മോട്ടോർ കേടായതിനാൽ പമ്പിംഗ് നടന്നില്ല. പുതിയ മോട്ടോർ സ്ഥാപിക്കാൻ നടപടി ഉണ്ടായതുമില്ല. വെള്ളം കിട്ടാത്തതിനാൽ ഭാരതപ്പുഴ സ്റ്റേഷന് സമീപത്തെ നെൽപാടങ്ങൾ വെറുതെ കിടക്കുകയാണ്. പമ്പ് ഹൗസ് പ്രവർത്തിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും വകുപ്പ് ഉദ്യോഗസ്ഥർക്കും വീണ്ടും നിവേദനങ്ങൾ നൽകി കാത്തിരിക്കുകയാണ്.