സ്വർണ വില വീണ്ടും താഴേക്ക്

Sunday 16 November 2025 12:56 AM IST

പവൻ വില 1,440 രൂപ കുറഞ്ഞു

കൊച്ചി: അമേരിക്കയിലെ സർക്കാർ ഷട്ട്ഡ‌ൗൺ അവസാനിച്ചതും ഡോളർ കരുത്ത് നേടുന്നതും സ്വർണ വിലയിൽ വീണ്ടും ഇടിവ് സൃഷ്‌ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പൊടുന്നനെ കുതിച്ചുയർന്നതിന് ശേഷമാണ് സ്വർണ വില മൂക്കുകുത്തിയത്. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 80 ഡോളർ ഇടിഞ്ഞ് 4,085 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഷട്ട്‌ഡൗണിന് ശേഷം സാമ്പത്തിക മേഖലയിലെ ഡാറ്റ പുറത്തുവരുന്നതിനാൽ അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം നീട്ടിവച്ചേക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് തിരിച്ചടി സൃഷ്‌ടിച്ചത്. ഇതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചു.

കേരളത്തിൽ സ്വർണ വില പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയിലെത്തി. ഗ്രാമിന്റെ വില 180 രൂപ താഴ്ന്ന് 11465 രൂപയിലെത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണ വില വരും ദിവസങ്ങളിൽ കൂടുതൽ താഴാനിടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.