മലബാർ ഗ്രൂപ്പ് മൈക്രോ ലേണിംഗ് സെന്ററുകളിൽ ശിശുദിനാഘോഷം
കോഴിക്കോട്: തെരുവ് കുട്ടികളുടെ പുനരധിവാസത്തിനും അടിസ്ഥാന വിദ്യാഭ്യാസം നൽകാൻ സ്‌കൂളുകളിലെത്തിക്കാനും ലക്ഷ്യമിട്ട് മലബാർ ഗ്രൂപ്പ് നടപ്പാക്കുന്ന മൈക്രോ ലേണിംഗ് സെന്ററുകളിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 1531 മൈക്രോലേണിംഗ് സെന്ററുകളിൽ 60,000 കുട്ടികളാണുള്ളത്. കുട്ടികളുടെ രക്ഷിതാക്കൾ, പ്രാദേശിക നേതാക്കൾ, പോലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, മലബാർ ഗ്രൂപ്പ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സാമൂഹ്യവും സാമ്പത്തികവുമായ കാരണങ്ങളാൽ നിർബന്ധിത ജോലിയിൽ ഏർപ്പെടുന്നവരും സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചതുമായ 30,000ൽ അധികം തെരുവുകുട്ടികളെ ഇതിനകം ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് മൈക്രോ ലേണിംഗ് സെന്ററുകളിലേക്ക് തിരിച്ചെത്തിച്ചു.
തെരുവു കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയോടൊപ്പം ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ദിശാബോധവും ഇതിലൂടെ നൽകുന്നു. തെരുവിൽ കഴിയുന്ന കുട്ടികളെ അവരുടെ പ്രായത്തിനനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം നൽകി തുടർപഠനത്തിന് സ്‌കൂളുകളിലേക്ക് എത്തിക്കാൻ ആവശ്യമായ സൗകര്യങ്ങളാണ് മൈക്രോ ലേണിംഗ് സെന്ററുകളിൽ ഒരുക്കുന്നത്.
കുട്ടികൾക്ക് പാൽ, പഴം, മുട്ട തുടങ്ങിയ പോഷക സമൃദ്ധമായ വിഭവങ്ങൾ നൽകും. മൈക്രോ ലേണിംഗ് സെന്ററുകളിലൂടെ കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് പറഞ്ഞു.