പാലത്തായിയിൽ 4-ാം ക്ളാസുകാരിക്ക് പീഡനം , അദ്ധ്യാപകൻ പത്മരാജന് മരണം വരെ ജയിൽ
തലശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി പ്രാദേശിക നേതാവും അദ്ധ്യാപകനുമായ കെ.പത്മരാജന് (49) പോക്സോ വകുപ്പ് പ്രകാരം 40 വർഷം തടവും തുടർന്ന് ജീവപര്യന്തവും (മരണം വരെ) ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും തലശേരി അതിവേഗ പോക്‌സോ കോടതി ജഡ്ജി എ.ടി.ജലജറാണി വിധിച്ചു.
പോക്സോയിലെ 376 (എ, ബി), 376 (2)(എഫ്), 354 ബി വകുപ്പുകളാണ് ചുമത്തിയത്. ഇന്നലെ രാവിലെ അവസാനവാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം, തന്റെ കുടുംബവും പ്രായവും പരിഗണിക്കണമെന്നായിരുന്നു പ്രതി അപേക്ഷിച്ചത്. ഇതു തള്ളിയാണ് വിധി.
2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് സംഭവം. 10 വയസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് മൂന്നുതവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം കുട്ടി മാതൃസഹോദരിയോടാണ് പറഞ്ഞത്. ചൈൽഡ് ലൈനിലും പാനൂർ പൊലീസിലും കുട്ടിയുടെ മാതാവ് പരാതി നൽകി. പൊലീസ് 2020 മാർച്ച് 17ന് കേസെടുത്തു. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽ നിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്റ്റുചെയ്തു.
2024 ഫെബ്രുവരി 23മുതൽ 2025 ആഗസ്റ്റ് 13വരെ തുടർച്ചയായി വിചാരണ നടന്നു. കുട്ടിയുടെ മൊഴി അഞ്ചുദിവസം കൊണ്ടാണ് രേഖപ്പെടുത്തിയത്. സഹപാഠി, നാല് അദ്ധ്യാപകർ എന്നിവരുൾപ്പെടെ 40 സാക്ഷികളെ വിസ്തരിച്ചിരുന്നു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.എം.ഭാസുരിയാണ് ഹാജരായത്.
ആദ്യം പോക്സോ ചുമത്തിയില്ല;
4 സംഘം അന്വേഷിച്ച കേസ്
കേസ് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പരാതി വ്യാജമെന്ന തരത്തിലായിരുന്നു പാനൂർ പൊലീസിന്റെ അന്വേഷണം. തുടർന്ന് പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ 2020 ഏപ്രിൽ 24ന് പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകൾ ചുമത്തി ഇൻസ്‌പെക്ടർ മധുസൂദനൻ നായർ ഇടക്കാല കുറ്റപത്രം സമർപ്പിച്ചു. പോക്സോ ചുമത്താത്തതിനാൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ കുട്ടിയുടെ മാതാവ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് നാർകോട്ടിക് സെൽ എ.എസ്.പി രേഷ്മ രമേഷ് ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചു. എന്നിട്ടും അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് കോസ്റ്റൽ എ.ഡി.ജി.പി ഇ.ജെ.ജയരാജൻ, എ.സി.പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണം ഏല്പിച്ചു. പോക്‌സോ വകുപ്പുകൾ ചുമത്തിയും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു.