വിലാസം ചതിച്ചു, കോൺഗ്രസ് യുവതാരകം വൈഷ്ണയ്ക്ക് മത്സരിക്കാനാവില്ല

Sunday 16 November 2025 12:01 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരസഭയിൽ ഗ്ളാമർ ഗേളായി കോൺഗ്രസ് അവതരിപ്പിച്ച മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്ന് സി.പി.എം നൽകിയ പരാതിയിൽ, വൈഷ്ണയുടെ പേര് കമ്മിഷൻ നീക്കം ചെയ്തു. ഹിയറിംഗിനു ശേഷം ഇന്നലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വൈഷ്ണയെ ഒഴിവാക്കുകയായിരുന്നു.

24 കാരിയായ വൈഷ്ണ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയെന്നു പ്രചാരണം നൽകിയാണ് പാർട്ടി രംഗത്തിറക്കിയത് . എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. ഇവിടെ വൈഷ്ണ ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയിരുന്നു. കെ.എസ്.യു പ്രവർത്തകയായിരുന്ന വൈഷ്‌ണ നിയമ വിദ്യാർത്ഥിയാണ്. ടെക്നോപാർക്കിലെ ജോലി രാജിവച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്.

നഗരസഭയിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലേ മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. വൈഷ്‌ണയുടെ വോട്ടർ അപേക്ഷയിൽ കെട്ടിടത്തിന്റെ ടി.സി നമ്പർ 18/564 ആണ്. ഈ നമ്പരിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്‌ണയ്‌ക്ക് ഇവരുമായി ബന്ധമില്ലെന്നുമാണ് പരാതി. അമ്പലമുക്ക് വാർഡിൽ വാടകയ്‌ക്ക് താമസിക്കുന്ന തന്റെ പിതാവിന്റെ കുടുംബ വീട് മുട്ടടയിലാണെന്ന് വൈഷ്‌ണ പറയുന്നു. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പരും ഇതാണ്. കമ്മിഷന്റെ നടപടിക്കെതിരെ അപ്പീൽ നൽകാനാണ് വൈഷ്ണയുടെ തീരുമാനം.