നവഗ്രഹ മഹായാഗം: വിളംബര രഥഘോഷയാത്ര നടത്തി

Sunday 16 November 2025 12:27 AM IST

കാരയ്ക്കാട്: പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിൽ 18 മുതൽ ആരംഭിക്കുന്ന തിരുവിതാംകൂറിലെ ആദ്യ നവഗ്രഹ യാഗത്തിന്റെ വിളംബര രഥയാത്ര മാന്നാർ ഇരമത്തൂർ സൂര്യക്ഷേത്രത്തിൽ നിന്ന് തുടങ്ങി. സൂര്യക്ഷേത്രം പ്രസിഡന്റ് ശ്രീകുമാർ കണിശ്ശേരിയുടേയും സെക്രട്ടറി ഗോപാലകൃഷ്ണൻ നായരുടേയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വിഷ്ണുനമ്പൂതിരി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാന്നാർ കുരിട്ടിശ്ശേരി ശ്രീമഹാവിഷ്ണു ക്ഷേത്രം, ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനം, ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം, ആറൻമുള ശ്രീപാർത്ഥസാരഥി ക്ഷേത്രം, ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മെഴുവേലി ക്ഷേത്രം, പന്തളം വലിയ കോയിക്കൽ ക്ഷേത്രം, പുത്തൻകാവിൽ ഭഗവതീ ക്ഷേത്രം കുരമ്പാല, കാരയ്ക്കാട് ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കോണത്ത് ശ്രീ മഹാദേവി ക്ഷേത്രത്തിൽ സമാപിച്ചു. സംഘാടക സമിതി ചെയർമാൻ ടി.കെ.ഇന്ദ്രജിത്ത്, ദേവസ്വം പ്രസിഡന്റ് എ.എൻ.അനിൽ, ജനറൽ കൺവീനർ സന്തോഷ് കാരയ്ക്കാട്, സോമരാജൻ, പി.എസ്.ഗിരിജിത്ത്, പി.വി.ജയചന്ദ്രൻ, അനു ടി.സതീഷ് പുത്തൻവീട്ടിൽ, മിനി ഗിരീഷ്, സജിതാ രത്നകുമാർ, ബിനി സുധീഷ് എന്നിവർ നേതൃത്വം നൽകി.