കാർ ഇടിച്ചു കയറ്റി കൊലപാതകം: അന്വേഷണം പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ
Sunday 16 November 2025 12:30 AM IST
പത്തനംതിട്ട: കാർ ലോറിയിൽ ഇടിപ്പിച്ച് അദ്ധ്യാപികയും കാറോടിച്ചിരുന്ന സുഹൃത്തും മരിച്ച സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്.
സംഭവത്തിൽ അടൂർ പൊലീസ് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. കേസിന്റെ അന്വേഷണം ശരിയായ ദിശയിൽ നടന്നു വരികയാണ്. അദ്ധ്യാപിക വിനോദയാത്ര പോവുകയാണെന്ന് മനസിലാക്കിയ ഹാഷിം ബസിൽ നിന്ന് വിളിച്ചിറക്കി കാറിൽ കയറ്റി ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിൽ ഐ.പി.സി. 302 പ്രകാരമുള്ള കുറ്റക്യത്യമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അഡ്വ.വി.ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.