വള്ളിക്കോട് വെന്നിക്കൊടി പാറിക്കാൻ മുന്നണികൾ

Sunday 16 November 2025 12:32 AM IST

വള്ളിക്കോട് : കാർഷിക ഗ്രാമമായ വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ മത്സരം കടുക്കുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം എൻ.ഡി.എയും കളംനിറഞ്ഞിരിക്കുന്നു. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലാണ്. 15 വാർഡുകളാണ് നിലവിൽ ഉണ്ടായിരുന്നത്. പുനർനിർണയത്തിലൂടെ ഇത്തവണ ഒരു വാർഡ് കൂടി. യു.ഡി.എഫിന്റെ മുഴുവൻ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളായിരിക്കും മത്സരിക്കുക. എൽ.ഡി.എഫിൽ സീറ്റ് ചർച്ച പൂർത്തിയായിട്ടുണ്ട്. 13 സീറ്റിൽ സി.പി.എമ്മും രണ്ട് സീറ്റിൽ സി.പി.ഐയും ജനധിപത്യ കേരള കോൺഗ്രസ് ഒരു സീറ്റിലും മത്സരിക്കും. എൻ.ഡി.എയും മിക്ക സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്. നിലവിൽ എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്. സി.പി.എമ്മിലെ ആർ.മോഹനൻ നായരാണ് പഞ്ചായത്ത് പ്രസിഡന്റ്.

നിലവിലെ കക്ഷിനില

എൽ.ഡി.എഫ് : 8

യു.ഡി.എഫ് : 5

എൻ.ഡി.എ : 2

വാർഡുകളുടെ എണ്ണം : 16

പഞ്ചായത്ത് വിസ്തൃതി : 18.66 ചതുരശ്ര കിലോമീറ്റർ.

ഭരണപക്ഷ മികവ്

തരിശുഭൂമി കൃഷി വ്യാപിപ്പിച്ചതും അന്യനിന്നുപോയ വള്ളിക്കോട് ശർക്കര ഉല്പാദനം പുന:രാരംഭിച്ചതുമാണ് പ്രധാനനേട്ടങ്ങൾ. കൃഷിസമൃദ്ധി പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ വാർഡുകളിലും മാലിന്യ നിർമ്മാർജ്ജനം കാര്യക്ഷമാക്കി. ജില്ലയിലെ മോഡൽ സി.ഡി.എസാക്കി വള്ളിക്കോടിനെ മാറ്റി. പാൽ ഉല്പാദനം വർദ്ധിപ്പിച്ചു. മൂർത്തിമുരുപ്പ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാക്കി. പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഗവ.എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു. റോഡുകൾ ഉന്നത നിലവാരത്തിലാക്കി. ആരോഗ്യക്ഷേമ മേഖലയിൽ സഹായങ്ങൾ നൽകി.

പ്രതിപക്ഷ ആരോപണങ്ങൾ

എൽ.ഡി.എഫ് ഭരണസമിതി പഞ്ചായത്ത് ഫണ്ട് ധൂർത്തടിക്കുകയായിരുന്നു. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജൽജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കിയിട്ടില്ല. മിനി മാസ്റ്റ് ലൈറ്റുകൾ അറ്റകുറ്റപ്പണി നടത്താത്തതുമൂലം നശിക്കുന്നു. അടിസ്ഥാന വികസനത്തിന് ആവശ്യമായ തുക അനുവദിച്ചില്ല. ജനറൽ വിഭാഗത്തിന് ഭവന പുന:രുദ്ധാരണത്തിന് ഫണ്ട് നൽകിയില്ല.