സ്പെഷ്യൽ ബ്രാഞ്ചിന് വീഴ്ച

Sunday 16 November 2025 12:01 AM IST
യൂത്ത് കോൺഗ്രസ്

കൊല്ലം: കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്ത് ആഭിചാര മറവിൽ പെൺകുട്ടിയെ പീഡിപ്പിച്ചത് സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഇന്റലിജൻസിന്റെയും ഗുരുതര വീഴ്ചയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപമാണ് വ്യാജ ജോത്സ്യൻ വർഷങ്ങളായി ആഭിചാരം നടത്തിവന്നത്. ഇപ്പോൾ പുറത്തുവന്ന സംഭവത്തിന് പുറമേ മറ്റൊരു പെൺകുട്ടിയെയും വ്യാജ ജോത്സ്യൻ ക്രൂരമായി പീഡിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ അറി‌ഞ്ഞ് തടയേണ്ടത് സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയാണ്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയായി മാറിയിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വിധ്വംസക പ്രവർത്തനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നത് അരാജകത്വം സൃഷ്ടിക്കുമെന്നും വിഷ്ണു സുനിൽ പറഞ്ഞു.