തിരഞ്ഞെടുപ്പ് ഡ്യൂട്ടി: ഭിന്നശേഷിക്കാരെ ഒഴിവാക്കണം

Sunday 16 November 2025 12:05 AM IST

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ) ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരെ ഒഴിവാക്കണമെന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി നൽകിയ ഉത്തരവിലുണ്ട്. എന്നാൽ, പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഇ-ഡ്രോപ് പോർട്ടലിൽ ഭിന്നശേഷിക്കാരെ പ്രത്യേകമായി രേഖപ്പെടുത്താൻ സൗകര്യമില്ല. അതിനാൽ ഭിന്നശേഷിക്കാർ കളക്ടറേറ്റിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിക്കാരായവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡി.എ.ഇ.എ ഭിന്നശേഷി കമ്മിഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും നിവേദനം നൽകി. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഭിന്നശേഷിക്കാരെ പൂർണമായും ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കിയിരുന്നു.

ഭിന്നശേഷിക്കാരെ ഒഴിവാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക ഉത്തരവ് ഇറക്കുകയോ ഇ-ഡ്രോപ്പിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചെയ്യണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കളക്ടറേറ്റിൽ പ്രത്യേക അപേക്ഷ നൽകിയിട്ടും പരിഗണിക്കപ്പെട്ടില്ല. -ടി.കെ. ബിജു സംസ്ഥാന പ്രസിഡന്റ് ഡിഫറന്റ്‌ലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡി.എ.ഇ.എ)