ശബരിമല സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുടെ വ്യാപ്തി കണ്ടെത്താൻ ദ്വാരപാലക ശിൽപ്പങ്ങളിലെ അടക്കം സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. ഇതിന് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ബോർഡ് അനുമതി നൽകി. പാളികളിലെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. തിങ്കളാഴ്ചയായിരിക്കും പരിശോധന. ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നിലവിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് അന്വേഷിക്കുന്നത്. ശ്രീകോവിൽ വാതിലിലെ സ്വർണവും കവർന്നതായി എസ്.ഐ.ടി സംശയിക്കുന്നുണ്ട്. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളിക്ക് 42.100 കിലോ ഭാരമുണ്ടായിരുന്നു. സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് ഇതിൽ നിന്ന് 409 ഗ്രാം സ്വർണം വേർതിരിച്ചെന്നാണ് ഇതുവരെയുള്ള വിവരം. എന്നാൽ പഴയ പാളികൾക്ക് പകരമായി പുതിയത് ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയതാണോയെന്നും എസ്.ഐ.ടി സംശയിക്കുന്നു. വിവിധയിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ നഷ്ടമായ സ്വർണത്തിന്റെ യഥാർത്ഥ കണക്ക് വെളിപ്പെടും.
അതേസമയം, എസ്.ഐ.ടിയുടെ നോട്ടീസ് ലഭിച്ച ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെയും അറസ്റ്റ് ചെയ്യുമെന്നറിയുന്നു. 2019ലെ ബോർഡ് മിനിട്ട്സുകൾ പത്മകുമാറിന് കുരുക്കാണെന്നാണ് എസ്.ഐ.ടി പറയുന്നത്. അന്നത്തെ ബോർഡ് അംഗങ്ങളും അറസ്റ്റിന്റെ നിഴലിലാണ്. സ്വർണം ചെമ്പാക്കി പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തിൽ ഇവരെല്ലാം ഒപ്പുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനെത്തിയില്ലെങ്കിൽ പത്മകുമാറിനെ കസ്റ്റഡിയിലെടുക്കാനും നീക്കമുണ്ട്. ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നത് ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.