കണ്ണിൽ നിന്ന് ജീവനുള്ള വിര, നീളം 10 സെന്റിമീറ്റർ
കോഴിക്കോട്: കണ്ണിൽ അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന 43കാരിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 10 സെന്റിമീറ്റർ നീളത്തിലുള്ള ജീവനുള്ള വിര. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒ.പി പരിശോധനയ്ക്കിടെയാണ് വിരയെ പുറത്തെടുത്തത്. വെസ്റ്റ്ഹിൽ സ്വദേശിനിയായ സ്ത്രീയ്ക്ക് 2 ദിവസം മുമ്പാണ് അസ്വസ്ഥത തുടങ്ങിയത്. ഉടൻ മറ്റൊരു ആശുപത്രിയിൽ ചികിത്സ നടത്തി വീട്ടിലെത്തിയെങ്കിലും അസ്വസ്ഥത മാറിയില്ല. തുടർന്ന് കോംട്രസ്റ്റ് ആശുപത്രിയിലെത്തി. സീനിയർ സർജൻ ഡോ. സുഗന്ധ സിൻഹ കണ്ണ് പരിശോധിച്ച് ഒ.പി യിൽ വച്ച് തന്നെ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്ത് ഉണ്ടായിരുന്ന വിരയെ ചെറിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഡൈലോ ഫൈലോറിയ വിഭാഗത്തിലുള്ള കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിൽ വളരുന്നതെന്ന് ഡോക്ടർ പറഞ്ഞു. കൊതുകുകളിലൂടെയോ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെയോ ഇവ ശരീരത്തിൽ പ്രവേശിക്കാം. കണ്ണിന്റെ റെറ്റിനയിലേക്ക് പ്രവേശിക്കാതെ കൃത്യസമയത്ത് പുറത്തെടുത്തതിനാൽ അപകട സാദ്ധ്യതയില്ലെന്നും രോഗിയുടെ കാഴ്ചയ്ക്ക് തകരാറില്ലെന്നും ഡോക്ടർ അറിയിച്ചു.