കെ.ജയകുമാർ ചോദിച്ചു, 'ഇവിടെ അയ്യപ്പ ചിത്രമില്ലേ '
തിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞ് പ്രസിഡന്റിന്റെ ഓഫീസിലെത്തി കസേരയിൽ ഇരിക്കും മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ജീവനക്കാരോട് ചോദിച്ചു. ' ഇവിടെ അയ്യപ്പന്റെ ചിത്രം ഇല്ലേ ' . ചുവരിൽ സ്ഥാപിച്ച കറുത്ത ഫ്രയിമിട്ട അയ്യപ്പ ചിത്രം ജീവനക്കാർ അദ്ദേഹത്തിന് കാട്ടിക്കൊടുത്തു. അല്പനേരത്തിന് ശേഷം പ്രഥമ യോഗത്തിനായി ബോർഡ് റൂമിലെത്തിയ പ്രസിഡന്റ്, അവിടെ തയ്യാറാക്കിയ അയ്യപ്പന്റെ ചിത്രത്തിന് മുന്നിൽ ദീപം തെളിച്ചു. തുടർന്നാണ് യോഗം ആരംഭിച്ചത്.
ദേവസ്വം പ്രസിഡന്റും മെമ്പറും സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ അയ്യപ്പചിത്രം ഉണ്ടായിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ യോഗങ്ങളും അയ്യപ്പ ചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിയിച്ച് ആരംഭിക്കുന്ന പതിവാണ് ഇക്കുറി ഒഴിവാക്കിയത്. ആഗോള അയ്യപ്പ സംഗമ വേദിയിലടക്കം അയ്യപ്പ വിഗ്രഹം സ്ഥാപിച്ചിരുന്നു. ഇന്നലെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.