നിറം നോക്കി ഫയൽ തീർപ്പ്, കളർ കോഡ് നടപ്പാക്കാൻ സർക്കാർ

Sunday 16 November 2025 12:17 AM IST

 മുൻഗണന അനുസരിച്ച് നിറം

 കെട്ടിക്കിടക്കൽ കുറയുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: മുൻഗണനാ ക്രമം നിശ്ചയിച്ച് ഫയൽ തീർപ്പാക്കാൻ കളർ കോഡ് രീതി കൊണ്ടുവരാൻ സർക്കാർ. മുഖ്യമന്ത്രി മുൻകൈയെടുത്തിട്ടും ഫയൽ തീർപ്പാക്കൽ കാര്യക്ഷമമല്ല. മന്ത്രിമാർ നിർദ്ദേശിക്കുന്ന ഫയലുകൾ പോലും നീങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

അടിയന്തര പ്രാധാന്യമനുസരിച്ച് നിറം നിശ്ചയിക്കാൻ മാനദണ്ഡം കൊണ്ടുവരും. മന്ത്രിമാർ നിർദ്ദേശിക്കുന്നവ,​ അടിയന്തര സ്വഭാവമുള്ളവ, പണസംബന്ധമായവ, ക്യാബിനറ്റിൽ തീരുമാനമെടുക്കേണ്ടവ,​ മനുഷ്യത്വപരമായ തീരുമാനം എടുക്കേണ്ടവ എന്നിങ്ങനെ തരംതിരിച്ച് ഫയലുകൾക്ക് നിറം നൽകും.

ഫയലുകൾ മുന്നിലെത്തുമ്പോൾ നിറം നോക്കി ഉദ്യോഗസ്ഥർ ആദ്യമാദ്യം തീർപ്പാക്കണം. ഓരോ കളറിലുള്ള ഫയലിനും നിശ്ചിത ദിവസവും നിർദ്ദേശിക്കും. ഇതിനനുസരിച്ച് സോഫ്റ്റ് വെയറായ ഇ- ഓഫീസിൽ മാറ്റങ്ങൾ വരുത്തും.

സെക്രട്ടേറിയറ്റിൽ ഓരോ മാസവും പുതുതായി തുറക്കുന്ന ഫയലുകളിൽ 30 ശതമാനം പോലും ആ മാസം തീർപ്പാകുന്നില്ല. പഴയ ഫയലുകളിൽ തീർപ്പാക്കൽ വെറും 8 ശതമാനം മാത്രവും. കളർ കോഡ് വന്നാൽ ഇതിന് മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുൻഗണനാക്രമം തെറ്റിച്ച് വേണ്ടപ്പെട്ടവരുടെ ഫയൽ ആദ്യമെടുക്കുന്നത് തടയാമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

മുഴുവൻ ഇ-ഫയൽ പക്ഷേ...

2014 മാർച്ച് 5നാണ് സെക്രട്ടേറിയറ്റ് ഇ -ഓഫീസായത്. ജിജിതോംസൺ ചീഫ്സെക്രട്ടറിയായപ്പോൾ വിവിധ സെക്രട്ടേറിയറ്റ് വകുപ്പുകൾ, കളക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ എന്നിവയിലേക്ക് വ്യാപിപ്പിച്ചു. ഫയൽ പ്രോസസ്സിംഗ് കാര്യക്ഷമമായി. പക്ഷേ,​ ഫയൽ തീർപ്പാക്കുന്നതിൽ വേഗത വന്നില്ല. അത് ജീവനക്കാർ മനസ്സുവച്ചാലേ നടക്കൂ.

കെട്ടികിടക്കൽ

 2013 മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി തുടങ്ങിയപ്പോൾ കെട്ടിക്കിടന്നത് 11,45 ലക്ഷം

 2019ൽ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടികിടക്കുന്നതായി കണ്ടെത്തിയത് 12.14 ലക്ഷം

 2022ൽ,​ കൊവിഡിന് ശേഷം ഇത് 17.45 ലക്ഷമായുയർന്നു. നിലവിൽ 12.43 ലക്ഷം ഫയലുകൾ