ബിഹാർ ജനതയോടുള്ള അധിക്ഷേപം അവസാനിപ്പിക്കണം : വി.മുരളീധരൻ
Sunday 16 November 2025 12:21 AM IST
കാസർകോട് : ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്ന സമീപനമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സ്വീകരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. എൻ.ഡി.എക്ക് വോട്ടു ചെയ്ത മനുഷ്യരെല്ലാം മോശക്കാരെന്ന കോൺഗ്രസ് പ്രചാരണം വില കുറഞ്ഞതാണെന്നും കാസർകോട്ട് നടന്ന വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിരിക്കാനുള്ള അസഹിഷ്ണുത മൂലം കോൺഗ്രസ് ജനങ്ങളെ അപഹസിക്കാൻ ഇറങ്ങരുത്. തോൽക്കുമ്പോൾ വോട്ടിംഗ് മെഷീനെയും വോട്ടർ പട്ടികയെയും കുറ്റം പറയുന്നവർ സ്വയം പരിഹാസ്യരാവും. എൻ.ഡി.എ സർക്കാരിന്റെ വികസനത്തിനും ജനപക്ഷ നിലപാടുകൾക്കുമുള്ള അംഗീകാരമാണ് ബിഹാറിലെ ജനവിധിയെന്നും വി. മുരളീധരൻ പറഞ്ഞു. ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.