ദേവസ്വം ബോർഡിന്റെ വിശ്വാസം വീണ്ടെടുക്കും :കെ.രാജു

Sunday 16 November 2025 12:22 AM IST

ഒന്നാം പിണറായി സർക്കാരിൽ വിവാദങ്ങളില്ലാതെ വനം വകുപ്പിന് നേതൃത്വം നൽകിയ മന്ത്രിയാണ് കെ. രാജു. പുനലൂരിൽ നിന്ന് മൂന്നു തവണ നിയമസഭാംഗമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി ഇന്നലെ അധികാരമേറ്റു. അപ്രതീക്ഷിതമായാണ് ഈ നിയോഗമെങ്കിലും പൊതുപ്രവർത്തന രംഗത്ത് ദീർഘനാളായി നിൽക്കുന്നതിനാൽ ദേവസ്വം ബോർഡ് ഭരണ നിർവഹണത്തിന് കാര്യമായി ഇടപെടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കേരളകൗമുദിയുമായോട് പറഞ്ഞു.

?വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യം

ദേവസ്വം ബോർഡിനെക്കുറിച്ച് ഭക്തർക്കിടയിലുണ്ടായ അപമതിപ്പ് മാറ്റിയെടുക്കാനാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്. വിശ്വാസികൾക്കിടയിൽ ബോർഡിനെക്കുറിച്ച് മതിപ്പും വിശ്വാസവും വീണ്ടെടുക്കും. യഥാർത്ഥ വിശ്വാസിക്ക് ഭഗവാന്റെ വക ഒന്നും കട്ടെടുക്കാനാകില്ല. ?മണ്ഡല കാലമെത്തി

മണ്ഡല കാലത്ത് തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ കഴിഞ്ഞ ബോർഡിൽ തീരുമാനിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കിൽ പരിശോധിക്കാൻ ഇന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ഞാനും സന്നിധാനത്തെത്തും.

?വിശ്വാസിയാണോ

വിശ്വാസി തന്നെ. ഓരോ വർഷവും ശബരിമലയിലെ ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം മന്ത്രിയും വനം മന്ത്രിയുമായി സന്നിധാനത്തെത്തി തീരുമാനങ്ങളെടുക്കാറുണ്ട്. മന്ത്രിയായിരുന്നപ്പോൾ മൂന്നു തവണ പോയിട്ടുണ്ട്.

?റോപ്‌വേയുടെ കാര്യം

ഈ ബോർഡിന്റെ കാലാവധിക്കുള്ളിൽ റോപ് വേ പ്രവർത്തികമാക്കാൻ ശ്രമിക്കും. പദ്ധതിക്ക് പരിസ്ഥിതി അഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകും.

?മുൻ ചീഫ് സെക്രട്ടറിക്കൊപ്പം മുൻ മന്ത്രി

ഞാൻ മന്ത്രിയിരുന്നപ്പോൾ കെ. ജയകുമാർ ചീഫ് സെക്രട്ടറിയായിരുന്നു. പരിണിത പ്രജ്ഞനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. ശബരിമല മാസ്റ്റർപ്ലാൻ തയ്യാറാക്കുന്ന കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അറിവുള്ള അദ്ദേഹമാണ് ചെയർമാനെന്നത് എനിക്ക് ബലമാണ്.