ബീഹാറിലെ ബി.ജെ.പി വിജയം സി.പി.എമ്മിന് ആഘോഷം: സണ്ണി ജോസഫ്

Sunday 16 November 2025 12:23 AM IST

തിരുവനന്തപുരം: ബീഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം ആഘോഷിക്കുന്ന മനോഭാവമാണ് സി.പി.എമ്മിനെന്നും, അതു കൊണ്ടാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ തെരഞ്ഞു പിടിച്ച് എം.വി ഗോവിന്ദൻ വിമർശിക്കുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

. കോൺഗ്രസ് ബീഹാറിൽ ഇന്ത്യാ സഖ്യത്തെ വിജയിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്തു. കേരളത്തിന് പുറത്ത് ബി.ജെ.പിക്കെതിരെ ഒരു തിരഞ്ഞെടുപ്പ് പ്രചരണത്തിനും ഇറങ്ങാത്ത ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രി പിണറായി വിജയനാണ്.ബീഹാർ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭൂരിപക്ഷ സമയവും സി.പി.എം ദേശീയ സെക്രട്ടറിയും കേരളത്തിലായിരുന്നു. ബീഹാറിൽ സി.പി.എം സ്ഥാനാർത്ഥി മത്സരിച്ച മണ്ഡലങ്ങളിൽ പോലും പ്രചരണത്തിന് പോകാത്ത കേരളത്തിലെ സി.പി.എം നേതൃത്വത്തിന് വിമർശനം ഉന്നയിക്കാൻ യോഗ്യതയില്ല. കെ.സി വേണുഗോപാലിന്റെ കേരളത്തിലെ സാന്നിധ്യം സി.പി.എമ്മിന് തലവേദന ഉണ്ടാക്കുകയാണെന്ന യാഥാർത്ഥ്യം അംഗീകരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.