ചിഹ്നം കൈപ്പത്തി... പക്ഷേ, കടയിലുണ്ട് എല്ലാ ചിഹ്നങ്ങളും
പൊന്നാനി : എടപ്പാൾ പഞ്ചായത്ത് നാലാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് ഇ.പി. വേലായുധൻ. കൈപ്പത്തി ചിഹ്നത്തിലാണ് മത്സരിക്കുന്നതെങ്കിലും തട്ടാൻപടിയിലെ വേലായുധന്റെ ഇ.പി. സ്റ്റോർസിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ചിഹ്നങ്ങളും തോരണങ്ങളും ലഭിക്കും.
കച്ചവടത്തിനൊപ്പം വോട്ടഭ്യർത്ഥിക്കുന്നതിന്റെ തിരക്കിലാണ് വേലായുധൻ. യു.ഡി.എഫ് ഇതുവരെ ജയിച്ചിട്ടില്ലാത്ത വാർഡിലാണ് കോൺഗ്രസ് വേലായുധനെ പാർട്ടി നിയോഗിച്ചിട്ടുള്ളത്. മുൻപ് എടപ്പാൾ പഞ്ചായത്ത് അംഗമായും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. സഹകരണ മേഖലയിൽ പൊന്നാനി റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റായി 15 വർഷത്തോളമുള്ള ഭരണപരിചയമുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായാണ് പ്രവർത്തനം തുടങ്ങിയത്. ദീർഘകാലം തവനൂർ, പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ വൈസ് പ്രസിഡന്റ് പദവിയിലും പ്രവർത്തിച്ചു. മകൻ ഇ.പി. രാജീവ് ഡി.സി. സി ജനറൽ സെക്രട്ടറിയാണ് രാജീവ്. വിവിധ പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച ബാഡ്ജുകൾ, പതാകകൾ, സ്റ്റിക്കറുകൾ, ക്യാപ്പുകൾ, ഷർട്ടുകൾ, കൈവളകൾ തുടങ്ങിയ സാമഗ്രികൾ വിൽക്കുന്ന കടയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വലിയ തിരക്കാണ്. തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നതോടെ ഓർഡറുകൾ കൂടും.
കോൺഗ്രസ് പ്രവർത്തകനാണെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമായും വ്യക്തി ബന്ധമുണ്ട്. രാഷ്ട്രീയ വ്യത്യാസം ഇല്ലാതെ പ്രചാരണ സാമഗ്രികൾ വാങ്ങാൻ എല്ലാവരുമെത്തുന്നുണ്ട്.
ഇ.പി. വേലായുധൻ