അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റം: സ്വതന്ത്ര പരിശോധനയ്ക്ക് നിർദ്ദേശം
കൊച്ചി: അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തിൽ സ്വതന്ത്ര പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. വനിതാ ജയിൽ മാറ്റാനിരിക്കുന്ന പൂജപ്പുര സെൻട്രൽ ജയിലിലെ പഴയ വനിതാ ബ്ലോക്കിൽ മതിയായ സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി സഖി വുമൺസ് റിസോഴ്‌സ് സെന്റർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി അരുണിന്റെ നിർദ്ദേശം.
പുരുഷന്മാരുടെ ജയിലിന്റെ ഒരു ഭാഗത്തേക്ക് വനിതാ ജയിൽ മാറ്റുന്നത് വനിതാ തടവുകാരുടെ അന്തസും സ്വകാര്യതയും ലംഘിക്കുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം.
അട്ടക്കുളങ്ങരയിൽ തടവുകാർക്ക് ടി.വി/റേഡിയോ, ഓഡിറ്റോറിയം, പൂന്തോട്ടം തുടങ്ങി എല്ലാ സൗകര്യങ്ങളുമുണ്ട്. ആശുപത്രി സേവനവും സമീപത്തുണ്ട്. അതിനാൽ വനിതാ ജയിൽ അട്ടക്കുളങ്ങരയിൽ തന്നെ നിലനിർത്തണമെന്നാണ് ആവശ്യം.
കഴിഞ്ഞ ഒക്ടോബർ 10നാണ് പൂജപ്പുരയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
തീരുമാനം പുനഃപരിശോധിക്കാനാകില്ലെന്ന് ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. വിഷയം ഡിസംബർ ഒന്നിന് വീണ്ടും പരിഗണിക്കും.