സർക്കാർ ഉദ്യോഗസ്ഥയെ നടുറോഡിൽ വെട്ടിക്കൊന്നു

Sunday 16 November 2025 12:38 AM IST

ബംഗളൂരു: കർണാടകയിൽ പട്ടാപ്പകൽ സർക്കാർ ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തി. യാദ്ഗിർ സ്വദേശി അഞ്ജലി ഗിരീഷ് കമ്പോത്താണ് കൊല്ലപ്പെട്ടത്. സർക്കാരിന്റെ സാമൂഹികക്ഷേമവകുപ്പിലെ സെക്കൻഡ് ഡിവിഷണൽ ഓഫിസറായിരുന്നു. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. മൂന്നുദിവസം മുമ്പ് ഓഫിസിലേക്കുപോകുന്നതിനിടെ ഗ്രീൻ സിറ്റി പ്രദേശത്തിനുസമീപം വച്ച് ബൈക്കിലെത്തിയ നാലംഗ സംഘം കാർ തടഞ്ഞുനിറുത്തി അഞ്ജലിയെ ആക്രമിക്കുകയായിരുന്നു. മുഖത്തും നെഞ്ചിലും കൈകാലുകളിലും വെട്ടേറ്റ അഞ്ജലി ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. മൂന്നുവർഷം മുൻപ് അഞ്ജലിയുടെ ഭർത്താവ് കോൺഗ്രസ്‌ നേതാവായ ഗിരീഷ് കമ്പോത്തിനെയും അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതേ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷന് സമീപം നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഗിരീഷിന്റെ സഹോദരനെയും ഇതേ അക്രമി സംഘം കൊലപ്പെടുത്തിയിരുന്നു. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.