ന്യൂനപക്ഷ പരിഗണന,​ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പിന്നോട്ടടിക്കുന്നു :വെള്ളാപ്പള്ളി

Sunday 16 November 2025 1:52 AM IST

ചേർത്തല: വിദ്യാഭ്യാസ മേഖലയിൽ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന പ്രത്യേക പരിഗണന പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പിന്നോട്ടടിക്കുന്നതിന് കാരണമായെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്തിവരുന്ന 'വിസ്ഡം മനീഷ' പരിശീലന പദ്ധതിയുടെ ഭാഗമായുള്ള സ്റ്റുഡൻസ് നർച്ചറിംഗ് പ്രോഗ്രാം ചേർത്തല ശ്രീനാരായണ കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ നടത്തിയ ശ്രീനാരായണ ടാലന്റ് സെർച്ച് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വേണ്ടിയായിരുന്നു പ്രോഗ്രാം.

കാലഘട്ടത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറാൻ കഴിയുന്ന തരത്തിൽ പദ്ധതികൾ ആവിഷ്കരിച്ച് വിദ്യാർത്ഥികളെ വിജയപാതയിൽ എത്തിക്കാൻ കഴിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് കെ.എം.സജീവ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ സി.എം.ബാബു, എസ്.എൻ.പി.സി ട്രഷറർ ഡോ.ആർ.ബോസ്, വൈസ് പ്രസിഡന്റ് പി.കെ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. തേവര കോളജിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫ.ഫാ.സാബു തോമസ്, ഡോ.കെ.സോമൻ,കെ.എം.സജീവ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. അഞ്ചാം ക്ലാസ് മുതൽ ഡിഗ്രിതലം വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന വിസ്ഡം മനീഷ സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടി എസ്.എൻ.പി.സി തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനവും വിതരണവും ചടങ്ങിൽ യോഗം ജനറൽ സെക്രട്ടറി നിർവഹിച്ചു.സംസ്ഥാനത്തെ വിവിധ യൂണിയനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളായ 150 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.