അടിക്കടി ബോംബ് ഭീഷണി കേരളത്തിനും വെല്ലുവിളി, രണ്ടുമാസം: 100ലേറെ ബോംബ് ഭീഷണി
ഉറവിടം കണ്ടെത്താനാവാതെ പൊലീസ്
തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികൾ സംസ്ഥാനത്തിനും വെല്ലുവിളി. ഉറവിടം വ്യക്തമല്ലാത്ത ഇ- മെയിൽ സന്ദേശങ്ങളിലൂടെയാണ് സന്ദേശങ്ങളെത്തുന്നത്. രണ്ടുമാസത്തിനിടെ 100ലേറെ ബോംബ് ഭീഷണികളാണുണ്ടായത്. സെക്രട്ടേറിയറ്റ്, രാജ്ഭവൻ, ക്ലിഫ്ഹൗസ്, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, കോടതികൾ, ക്ഷേത്രങ്ങൾ, സർവകലാശാലകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ തുടങ്ങിയവയ്ക്കുനേരെയാണ് വ്യാജ ഭീഷണികളെത്തിയത്.
കണ്ണൂരിലെ സൈനിക കേന്ദ്രത്തിനുനേരെയും ഇ- മെയിൽ ഭീഷണിയുണ്ടായി. തമിഴ്നാട് ബന്ധമുണ്ടെന്നല്ലാതെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. നാവികസേനാ ദിനാഘോഷത്തിന് പ്രധാനമന്ത്രിയും സേനാമേധാവികളും ഡിസംബർ നാലിന് തിരുവനന്തപുരത്ത് എത്താനിരിക്കെ, പൊലീസും കേന്ദ്ര ഏജൻസികളും ജാഗ്രതയിലാണ്. തമിഴ്നാട്ടിൽ രണ്ടുമാസത്തിനിടെ ഇരുനൂറിലേറെ സമാന കേസുകളാണെടുത്തത്. ബോംബ് ഭീഷണി ഉണ്ടാകുമ്പോൾ പൊലീസ് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാനും പഴുതുകൾ മനസിലാക്കി ബോംബ് വയ്ക്കാനും ആസൂത്രിതമായി ചെയ്യുന്നതാണോയെന്നും പൊലീസ് സംശയിക്കുന്നു.
ഭീഷണിയുണ്ടായാൽ കേന്ദ്രപ്രോട്ടോക്കോൾ പാലിച്ച് ബോംബ്- ഡോഗ് സ്ക്വാഡുകളുടെ തെരച്ചിലടക്കം നടത്താറുണ്ടെങ്കിലും ഇതുവരെ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ ബോംബ്ഭീഷണിയുടെ ഇ- മെയിൽ ഉറവിടം മൈക്രോസോഫ്‌റ്റിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും നൽകിയിട്ടില്ല. 380.19 കിലോമീറ്റർ മാത്രം അകലെയുള്ള ശ്രീലങ്കയിൽ ചൈനീസ് സഹായത്തോടെ ഐ.എസ്.ഐ പ്രവർത്തനം ശക്തമാണെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സന്ദേശം അയയ്ക്കുന്നത്
ഉറവിടം മറച്ചുവച്ച്
സന്ദേശമയയ്ക്കുന്ന കമ്പ്യൂട്ടറിന്റെയോ ഫോണിന്റെയോ ഐ.പി വിലാസം മറച്ചുവയ്ക്കാനാവുന്ന വി.പി.എൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിച്ചാണ് ബോംബ് ഭീഷണി
ഉപയോഗിക്കുന്നയാളിന്റെ സ്ഥലവും സ്വകാര്യവിവരങ്ങളും മറയ്ക്കുന്ന ടോർ ഇന്റർനെറ്റാണ് ഉപയോഗിക്കുന്നതെന്നാണ് മൈക്രോസോഫ്‌റ്റിന്റെ മറുപടി
ഉപഭോക്താവിന്റെ സ്ഥലം, കമ്പ്യൂട്ടറിന്റെ ഐ.പി വിലാസം എന്നിവ ശേഖരിക്കാൻ പൊലീസിനാവില്ല
സന്ദേശങ്ങൾ പലവട്ടം എൻക്രിപ്ഷൻ നടത്തിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. ഓരോഘട്ടം കഴിയുമ്പോഴും വിവരങ്ങൾ സ്വമേധയാ മായ്‌ക്കപ്പെടും.
വട്ടംചുറ്റി പൊലീസ്
ഓരോ ഭീഷണിയുണ്ടാവുമ്പോഴും അരിച്ചുപെറുക്കി പരിശോധിക്കണം. പ്രോട്ടോക്കോൾ പ്രകാരം പരിശോധന ഒഴിവാക്കാനാവില്ല. അടിക്കടിയുള്ള ഭീഷണിയിലൂടെ പൊലീസിന്റെ സമയവും സന്നാഹങ്ങളും വൻതോതിൽ പാഴാവുകയാണ്.
ടോർ ഇന്റെർനെറ്റ് ഉപയോഗത്തിന്റെ വിവരങ്ങൾ സൂക്ഷിക്കുന്നില്ലെന്നാണ് മൈക്രോസോഫ്‌റ്ര് പറയുന്നത്. വിവരം നൽകിയില്ലെങ്കിൽ മൈക്രോസോഫ്‌റ്റിനെ പ്രതിയാക്കാനാവും. രാജ്യമാകെ ഇത്തരം ഭീഷണികളുണ്ട്.
-തോംസൺ ജോസ്
തിരു. സിറ്റിപൊലീസ് കമ്മിഷണർ