ഡി.സി.സി ജനറൽ സെക്രട്ടറി രാജിവച്ചു

Sunday 16 November 2025 1:04 AM IST

കോഴിക്കോട്:പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചെന്ന് ആരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറി എൻ.വി ബാബുരാജ് കോൺഗ്രസിൽനിന്നും രാജിവച്ചു.സാമുദായിക സന്തുലനാവസ്ഥ പാലിക്കുമെന്ന വാക്ക് കെ.പി.സി.സി നേതൃത്വം മറന്നുവെന്നും കോൺഗ്രസിന്റെ പ്രീണനനയത്തിന്റെ ഏറ്റവും വലിയ ഇരകളാവുന്നത് ഈഴവ സമുദായാംഗങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.പേയ്മെന്റ് സീറ്റ് നൽകി കോർകമ്മിറ്റിയിലെ പ്രമുഖ നേതാക്കൾ പാർട്ടിയെ ഒറ്റുകൊടുത്തു.ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.നരേന്ദ്രമോദി ലോകത്തിന്റെ നേതാവായി മാറിക്കഴിഞ്ഞു.ഇന്ദിരാഗാന്ധിക്ക് ശേഷം ഇപ്പോഴാണ് ഇത്രയും ശക്തമായ നേതൃത്വം രാഷ്ട്രത്തിനുണ്ടാവുന്നതെന്നും ബാബുരാജ് പറഞ്ഞു.