ഇടത് മുന്നണി വിട്ട് ബി.ജെ.പിയിലേക്ക്

Sunday 16 November 2025 1:09 AM IST

കൊടുങ്ങല്ലൂർ: നഗരസഭയിലെ മുൻ സി.പി.എം കൗൺസിലർ ശോഭ ജോഷിയും സി.പി.ഐ പ്രവർത്തക ശ്രീദേവി അനിൽകുമാറും ബി.ജെ.പിയിൽ ചേർന്നു. ഇരിങ്ങാലക്കുടയിലുള്ള ബി.ജെ.പി സൗത്ത് സോൺ ഓഫീസിൽ ബി.ജെ.പി നേതാവ് എ.എൻ.രാധാകൃഷ്ണൻ ഇരുവരെയും ഷാൾ അണിയിച്ച് സ്വീകരിച്ചു. 16ാം വാർഡിൽ ശോഭ ജോഷിയും ആറാം വാർഡിൽ ശ്രീദേവി അനിൽകുമാറും മത്സരിക്കുമെന്ന് സോൺ ജില്ലാ പ്രസിഡന്റ് എ.ആർ.ശ്രീകുമാർ പ്രഖ്യാപിച്ചു. സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് ശോഭ ജോഷിയെ പുറത്താക്കിയതായി കൊടുങ്ങല്ലൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി മുസ്താക്ക് അറിയിച്ചു.

സി.പി.ഐ പടന്ന ബ്രാഞ്ച് സെക്രട്ടറിയും മേത്തല സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ രാജേഷ് വളർകോടിയും പാർട്ടിയിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു.

മഹിളാ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ

ഗുരുവായൂർ: ഗുരുവായൂരിൽ മഹിളാ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും വ്യവസായ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ എം.വി.രാജലക്ഷ്മിയാണ് ബി.ജെ.പിയിൽ ചേർന്നത്. കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിടുന്നതെന്ന് എം.വി.രാജലക്ഷ്മി പറഞ്ഞു. ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഷാൾ അണിയിച്ച് സ്വീകരിച്ചു.