കോൺഗ്രസ് കൗൺസിലർ എൽ.ഡി.എഫ് സ്ഥാനാർത്ഥി
തൃശൂർ: കോർപറേഷൻ കുരിയച്ചിറ ഡിവിഷൻ കോൺഗ്രസ് കൗൺസിലറായിരുന്ന നിമ്മി റപ്പായി ഇടത് സ്ഥാനാർത്ഥിയായി ഒല്ലൂർ ഡിവിഷനിൽ മത്സരിക്കും.കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻ.സി.പി(എസ്)യിലെ അംഗത്വം സ്വീകരിച്ചു.ഇടത് മുന്നണിയിലെ ഘടകകക്ഷിയായ എൻ.സി.പിക്ക് നൽകിയ സീറ്റിലാണ് സ്ഥാനാർത്ഥിയായത്.കോൺഗ്രസ് സ്ഥാനാർത്ഥിത്വം നൽകാത്തതിൽ പ്രതിഷേധിച്ചാണ് കൗൺസിലർ സ്ഥാനം രാജിവച്ചതെന്ന് നിമ്മി പറഞ്ഞു.ഇന്നലെ രാവിലെയാണ് കോർപറേഷനിലെത്തി നിമ്മി രാജിക്കത്ത് നൽകി എൻ.സി.പിയിൽ ചേർന്നത്.ഇന്നലെ ഉച്ചയോടെ നിമ്മിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
പാർട്ടിയെ ബാധിക്കില്ല: രാജൻ പല്ലൻ
നിമ്മി റപ്പായി പാർട്ടിയിൽ നിന്ന് രാജിവച്ച് ഇടതു മുന്നണിയുടെ സ്ഥാനാർത്ഥിയായത് തങ്ങളെ ബാധിക്കില്ലെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ.ഓരോ ഡിവിഷനിലും പത്തിലധികം പേരാണ് സ്ഥാനാർത്ഥിത്വത്തിനായി ശ്രമിക്കുന്നത്.യോഗ്യരായ നിരവധി വനിതകളുടെ പേരുകൾ ഒല്ലൂർ ഡിവിഷനിൽ സ്ഥാനാർത്ഥിയാക്കാൻ പരിഗണിച്ചിരുന്നു.എല്ലാവരുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിമ്മിയെ ഒഴിവാക്കാൻ തീരുമാനിച്ചത്.