അയൽവാർഡുകൾ, എതിർച്ചേരികൾ... ചാലക്കുടിയിൽ കാണാം, ജ്യേഷ്ഠത്തി - അനുജത്തി മത്സരം

Sunday 16 November 2025 1:13 AM IST

ചാലക്കുടി: തൊട്ടടുത്ത വാർഡുകളിൽ...എതിർച്ചേരികളിൽ...ചാലക്കുടി നഗരസഭയിലേക്ക് ജനവിധി തേടുകയാണ് ജ്യേഷ്ഠത്തിയും അനുജത്തിയും. സെന്റ് മേരിസ് ചർച്ച് വാർഡിൽ ഇത്തവണത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് അൽഫോൺസ ചാക്കോ. ഇവരുടെ ഭർതൃ സഹോദരൻ ജോണിയുടെ ഭാര്യ മേഴ്‌സിയാണ് ഗായത്രി ആശ്രമം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി . ഒരാൾ റിട്ട. പബ്ലിക് ഹെൽത്ത് നഴ്‌സും മറ്റൊരാൾ അദ്ധ്യാപികയും.

അൽഫോൺസ ചാക്കോ കഴിഞ്ഞവർഷം സർവീസിൽ നിന്നും വിരമിച്ചു. പ്രളയം, കൊവിഡ് കാലഘട്ടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇവർ സജീവമായിരുന്നു. ബോധവത്കരണവും മറ്റുമായി പൊതുജന സമ്പർക്കത്തിന്റെ വേറിട്ട അനുഭവവുമായാണ് അൽഫോൻസയുടെ തിരഞ്ഞെടുപ്പ് രംഗത്തേയ്ക്കുള്ള കാൽവയ്പ്പ്. റിട്ട. എസ്.ഐ ചാക്കോയുടെ ഭാര്യയാണ്. നിലവിലെ നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്.സുരേഷിന്റെ വാർഡാണിത്.

ചാലക്കുടി സെന്റ് ജെയിംസ് നഴ്‌സിംഗ് കോളേജിലെ അദ്ധ്യാപികയാണ് ഗായത്രി ആശ്രമം വാർഡിൽ മത്സരിക്കുന്ന മേഴ്‌സി മഞ്ഞപ്രക്കാരൻ. അപ്രതീക്ഷിതമായാണ് ഇവർ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുന്നത്.