പൊലീസുകാരനെതിരെ സഹപ്രവർത്തകയുടെ ലൈംഗികാതിക്രമ പരാതി

Monday 17 November 2025 2:17 AM IST

കൊല്ലം: സഹപ്രവർത്തക നൽകിയ ലൈംഗികാതിക്രമ പരാതിയിൽ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നവാസിനെതിരെ കേസെടുത്ത് ചവറ പൊലീസ്. അവധിയിൽ പ്രവേശിച്ച നവാസിനെതിരെ വകുപ്പുതല നടപടിയെടുക്കും. കഴിഞ്ഞ 6ന് പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.

പാറാവ് ഡ്യൂട്ടിയിലായിരുന്ന സഹപ്രവർത്തക വിശ്രമ മുറിയിലേക്ക് പോയതിന് പിന്നാലെ പുരുഷന്മാരുടെ വിശ്രമ മുറിക്ക് സമീപം നിന്ന നവാസ് ലൈംഗിക ചുവയോടെ സംസാരിച്ച ശേഷം കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് അവർ സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതി അന്വേഷണത്തിനായി ചവറ പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണ സംഘം സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങളും നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചു. ആറ് മാസം മുമ്പാണ് നവാസ് നീണ്ടകര കോസ്റ്റൽ സ്റ്റേഷനിലെത്തിയത്. യു.ഡി.എഫ് ഭരണകാലത്ത് കേരള പൊലീസ് അസോസിയേഷന്റെ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.