ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചരണം:കടിഞ്ഞാൺ ആർ.എസ്.എസിന്
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചരണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്ത് ആർ.എസ്.എസ്. നേരത്തെ ഗൃഹസമ്പർക്കത്തിലും പാർട്ടിയുടെ ബൂത്ത് സംവിധാനം കാര്യക്ഷമമല്ലാത്ത സ്ഥലങ്ങളിലും മാത്രമായിരുന്നു സംഘം ഇടപെട്ടിരുന്നതെങ്കിൽ ഇത്തവണ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ വരെ പരിഹരിച്ചത് ആർ.എസ്.എസ് നേതൃത്വമാണ്.
വാർഡ് തലത്തിൽ സംയോജകൻമാരെ ആർ.എസ്.എസ് നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇവരാണ് ബി.ജെ.പിയുടെ വാർഡ് തല നേതാക്കളുമായും സ്ഥാനാർത്ഥികളുമായും ഏകോപനമുണ്ടാക്കുക. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആർ.എസ്.എസ് സംയോജകൻമാരെ വച്ചിരുന്നില്ല. അതിൽ നിന്നും വ്യത്യസ്തമായാണ് സംഘം അതിന്റെ നൂറാം വാർഷികത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ അരയും തലയും മുറുക്കി ഇറങ്ങുന്നത്. ബൂത്തിൽ ഇരിക്കാനും മത്സരിക്കാനും പാർട്ടിക്ക് ആളില്ലാത്ത സ്ഥലത്ത് ആർ.എസ്.എസ് പ്രവർത്തകർ ഏറ്റെടുക്കും.
ബി.ജെ.പി സ്ഥാനാർത്ഥി നിർണയത്തിൽ തർക്കമുണ്ടായ തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം കോർപ്പറേഷനുകളിൽ അന്തിമ തീരുമാനം ബി.ജെ.പി നേതൃത്വം ആർ.എസ്.എസിന് വിട്ടു.. തലസ്ഥാനത്തെ മണക്കാട് വാർഡിൽ മുൻ കൗൺസിലർ സിമി ജ്യോതിഷും മഹിളാമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി ആർ.സി ബീനയും തമ്മിൽ തർക്കമുണ്ടായപ്പോൾ ആർ.എസ്.എസ് ഇടപെട്ടാൺ് തീർപ്പുണ്ടാക്കിയത്. സിമിയെ അമ്പലത്തറ വാർഡിലേക്ക് മാറ്റുകയും പ്രചരണ ചുമതല ഏറ്റെടുക്കുകയും ചെയ്തു. ഫോർട്ട് വാർഡിൽ മുമ്പ് ബ്രാഹ്മണസഭയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ബി.ജെ.പി നിർത്തിയിരുന്നതെങ്കിൽ ഇത്തവണ സ്ഥാനാർത്ഥി താമര ചിഹ്നത്തിൽ തന്നെ. പൊന്നുമംഗലം വാർഡിൽ എം.ആർ ഗോപൻ മത്സരിച്ചാലേ ജയിക്കൂ എന്നായിരുന്നു ബി.ജെ.പി വിലയിരുത്തൽ. പുതിയ ആൾ മത്സരിക്കട്ടെയെന്നായിരുന്നു ആർ.എസ്.എസ് നിലപാട്. കോഴിക്കോട് ചാലപ്പുറത്ത് ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ തമ്മിൽ തർക്കമുണ്ടായപ്പോഴും സംഘം പുതിയ ഒരാളെ സ്ഥാനാർത്ഥിയാക്കി. എറണാകുളം മട്ടാഞ്ചേരിയിൽ ശ്യാമള പ്രഭുവിന് ബി.ജെ.പി സീറ്റ് നിഷേധിച്ചപ്പോഴുണ്ടായ തർക്കത്തിൽ പുതിയ സ്ഥാനാർത്ഥിയെ നിശ്ചയിക്കാനും നിർദേശിച്ചു.
ആർ.എസ്.എസിന്റെ സമാന്തര ഗൃഹസമ്പർക്കം നാളെ ആരംഭിക്കും.