തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ല: ആർ.എസ്.എസുകാരൻ ജീവനൊടുക്കി
ആത്മഹത്യ കുറിപ്പിൽ
കടുത്ത വിമർശനം
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കി. തൃക്കണ്ണാപുരം പ്ളാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ്.കെ.തമ്പിയാണ് (39) വീടിന് പുറകിലെ ഷെഡിൽ തൂങ്ങിമരിച്ചത്.
ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാകുറിപ്പ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകർക്കും അയച്ചശേഷമാണ് ആത്മഹത്യചെയ്തത്. എല്ലാവരും ഉടൻ പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് എത്തി നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 4.50ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിക്കും. കോർപറേഷനിലേക്ക് തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക വന്നപ്പോൾ ആനന്ദില്ലായിരുന്നു. സ്വതന്ത്രസ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതോടെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും അകന്നു. വീട്ടുകാർക്കും കടുത്ത ദേഷ്യവും അമർഷവുമായി. ഈ സാഹചര്യത്തിൽ നാടിനും വീടിനും വേണ്ടാത്ത വ്യക്തിയായി ജീവിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ജീവിതംഅവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.
കഴിഞ്ഞദിവസം ശിവസേനയിൽ ചേർന്നിരുന്നു. അവരുടെ പിന്തുണയോടെ തൃക്കണ്ണാപുരത്ത് മത്സരിക്കാനും തീരുമാനിച്ചു. തിങ്കളാഴ്ച തിരഞ്ഞെടുപ്പു കൺവൻഷൻ വിളിക്കുമെന്നും മാദ്ധ്യപ്രവർത്തകരെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ ചില മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചു. വൈകിട്ട് 4.18നാണ് ആത്മഹത്യാകുറിപ്പ് അയച്ചത്.
മൃതദേഹം ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ കാണിക്കരുതെന്ന് കുറിപ്പിലുണ്ട്. എന്നാൽ, ആർ.എസ്.എസ്,ബി.ജെ.പി പ്രവർത്തകർ ആശുപത്രിയിൽ എത്തിയിരുന്നു. കേശവൻ തമ്പിയുടേയും ശാന്തമ്മയുടേയും മകനാണ്. ഭാര്യ ആതിര. മക്കൾ: കാശിനാഥ്, ഗംഗ. സഹോദരൻ: പ്രശാന്ത്. തൃക്കണ്ണാപുരത്ത് ഗുരു എന്റർപ്രൈസസ് എന്ന പെയിന്റ് കട സ്വന്തമായുള്ള ആനന്ദിന് അർബൺ കിച്ചൺ റെസ്‌റ്റോറന്റിലും അർബൺ ടച്ച് ബ്യൂട്ടിപാർലറിലും പങ്കാളിത്തമുണ്ട്.