എസ്‌.ഐ.ആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാർത്ത അടിസ്ഥാനരഹിതം: ബി.ജെ.പി

Sunday 16 November 2025 1:23 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ നീട്ടിവെയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ജെ.ആർ. പത്മകുമാർ അറിയിച്ചു. എസ്‌.ഐ.ആർ സമയബന്ധിതമായി കേരളത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഒരേയൊരു രാഷ്ട്രീയ പാർട്ടി ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടർ പട്ടിക പരിഷ്‌കരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുന്ന എല്ലാ തീരുമാനത്തിനും ഉറച്ച പിന്തുണ ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച തീയതികളിൽ തന്നെ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം നടപ്പിലാക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. ഇക്കാര്യം പാർട്ടിയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തിൽ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജെ.ആർ. പദ്മകുമാർ പ്രസ്താവിച്ചു.