പാലത്തായി കേസ് കുറ്റക്കാരനല്ലെന്ന് പ്രതി പത്മരാജൻ
തലശ്ശേരി: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ താൻ കുറ്റക്കാരല്ലെന്ന് അദ്ധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജൻ. വിധി പ്രസ്താവനയ്ക്ക് മുമ്പ് പ്രതിയെ തലശ്ശേരി അതിവേഗ പ്രത്യേക കോടതയിൽ ഹാജരാക്കിയിരുന്നു. എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ തന്നെപ്പോലൊരു നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നായിരുന്നു മറുപടി. ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷിക്കപ്പെടുന്നത്. രാഷ്ട്രീയ പ്രവർത്തകനായി എന്ന പേരിൽ ഇത്തരത്തിൽ കെട്ടിച്ചമച്ച കേസുകൾ ഭാവിയിൽ ആർക്കും ഉണ്ടാകാതിരിക്കട്ടെ. ഈ കേസ് മൂലം തന്റെ ഭാര്യയും കുട്ടികളും ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി പ്രദേശത്തെ മതതീവ്രവാദ സംഘടനകൾക്കുമായിരിക്കുമെന്നും പറഞ്ഞു. എന്നാൽ ഇതെല്ലാം നേരത്തേ പറഞ്ഞതാണെന്നും രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി.
പാലത്തായി പീഡനക്കേസിൽ പെൺകുട്ടിക്ക് നീതി ലഭിക്കുന്നത് അഞ്ച് വർഷത്തിന് ശേഷം. ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണ്ണായകമായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അങ്ങനെയാണ് ടൈലുകളിൽ രക്തക്കറ കണ്ടെത്തിയത്. അന്വേഷണം മുന്നോട്ട് പോവുന്നില്ലെന്നു കാട്ടി കുട്ടിയുടെ മാതാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്.