ജയിലുകളിൽ വീർപ്പുമുട്ടി തടവുകാർ: സമ്മർദ്ദത്തിൽ ജീവനക്കാരും

Sunday 16 November 2025 1:36 AM IST

കോഴിക്കോട്: കുറ്റകൃത്യങ്ങളും തടവുകാരും കൂടുമ്പോഴും പശ്ചാത്തല സൗകര്യവും കാലാനുസൃത മാറ്റവുമില്ലാതെ സംസ്ഥാനത്തെ ജയിലുകൾ. സെൻട്രൽ ജയിലുകളിൽ പാർപ്പിക്കാവുന്നതിന്റെ ഇരട്ടിയോളം തടവുകാരുണ്ട്. സ്ഥലമില്ലാത്തതിനാൽ റിമാൻഡ് തടവുകാരെ ശിക്ഷാതടവുകാരിൽ നിന്നു വേറിട്ടു പാർപ്പിക്കാനാകുന്നില്ല. തടവുകാർക്ക് ആനുപാതികമായി ജീവനക്കാരുടെ എണ്ണവും കൂട്ടിയില്ല. സംസ്ഥാനത്തെ 57 ജയിലുകളിലും ഇതാണ് സ്ഥിതി. മറ്റു തടവുകാർക്കൊപ്പം താമസിപ്പിക്കുന്നതിനാൽ ലഹരിക്കേസുകളിലും മറ്റും പെട്ട് എത്തുന്ന വിദ്യാർത്ഥികളിലും യുവാക്കളിലും മനഃപരിവർത്തന സാദ്ധ്യതയില്ലാതാകുന്നു.

ഗുണ്ടാ ആക്ടിൽ പെട്ട തടവുകാരെ പാർപ്പിക്കാൻ തുടങ്ങിയതോടെ സെൻട്രൽ ജയിലുകളിൽ തടവുകാർ തമ്മിലുള്ള സംഘർഷം പതിവായി. ഇത് ജീവനക്കാരിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. ഡ്യൂട്ടിയുടെ കൂടുതൽ സമയവും റിമാൻഡ്, ഗുണ്ട, വിചാരണ തടവുകാർക്കായി ചെലവാക്കേണ്ട സ്ഥിതിയാണ്. യുവാക്കൾ, വിദ്യാർത്ഥികൾ, വൃദ്ധർ, സ്ത്രീകൾ, ആദ്യമായി ജയിലിലെത്തുന്നവർ തുടങ്ങിയവരെ ശ്രദ്ധിക്കാനുമാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ജാമ്യവ്യവസ്ഥ കർശനമാക്കിയതോടെ ലഹരിക്കേസുകളിൽ റിമാൻഡിലാകുന്നവർക്ക് ഒരു വർഷത്തിലധികം ജയിലിൽ കഴിയേണ്ടിവരുന്നു.

  • മാറാതെ ജയിൽ നടത്തിപ്പ്

കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും സ്വഭാവവും രീതിയുമൊക്കെ മാറിയിട്ടും ജയിൽ നടത്തിപ്പ്, നിയമങ്ങൾ, ജീവനക്കാരുടെ ഡ്യൂട്ടി തുടങ്ങിയവയിൽ മാറ്റമുണ്ടായിട്ടില്ല. ലഹരിക്ക് അടിമപ്പെട്ടവരും മാനസിക വിഭ്രാന്തിയുള്ളവരും മാരക രോഗങ്ങളുള്ളവരും പകർച്ചവ്യാധികളുള്ളവരും ജയിലുകളിലുണ്ട്. ഇത്തരക്കാരെ പ്രത്യേകം പാർപ്പിക്കണമെന്ന വിവിധ കമ്മിഷനുകളുടെ നിർദ്ദേശം നടപ്പാക്കാനാകുന്നില്ല. ജീവനക്കാർക്ക് വ്യത്യസ്ത ചുമതലകൾ വഹിക്കേണ്ടിവരുന്നത് ജോലിഭാരവുമുണ്ടാക്കുന്നു. ജയിലുകൾ ഇപ്പോൾ തെറ്റുതിരുത്താനുളള കേന്ദ്രങ്ങളും (കറക്ഷണൽ അഡ്മിനിസ്ട്രേഷൻ) ഭക്ഷ്യനിർമ്മാണയൂണിറ്റ് ഉൾപ്പെടെ സംരംഭം നടത്തുന്നവയുമാണ്. ഇവയ്ക്കും സമയം കണ്ടെത്തണം.

സെൻട്രൽ ജയിലുകൾ

തിങ്ങിനിറഞ്ഞു

(ജയിൽ, പാർപ്പിക്കാനുള്ള ശേഷി, നിലവിലുള്ളത് എന്ന ക്രമത്തിൽ)

പൂജപ്പുര.......................727.......................1600

വിയ്യൂർ...........................553...,,,,,,,,,,,,,,,,,,,,.1150

കണ്ണൂർ..,,,,,,,,,,,,,,,,,,,,,.. 948..,,,,,,,,,,,,,,,,,,,,,..1100

തവനൂർ..,,,,,,,,,,,,,,,,,,,..568...,,,,,,,,,,,,,,,,,,,,,,. 650

ജീവനക്കാരുടെ എണ്ണം

(നിലവിലുള്ളത്, അധികം വേണ്ടത്)

പൂജപ്പുര...,,,,,,,,,,,,,,,,,,,,.271..,,,,,,,,,,,,,,,,,,,,..615

വിയ്യൂർ...,,,,,,,,,,,,,,,,,,,,,,,,,,.160..,,,,,,,,,,,,,,,,,,,..515

കണ്ണൂർ..,,,,,,,,,,,,,,,,,,,,,,,,..242..,,,,,,,,,,,,,,,,,,,..441

തവനൂർ.,,,,,,,,,,,,,,,,,,,,,,,...148.,,,,,,,,,,,,,,,,,...425