കേരളം ഇന്ന് മുതൽ മദ്ധ്യപ്രദേശിനെതിരെ

Sunday 16 November 2025 5:32 AM IST

തിരുവനന്തപുരം:- രഞ്ജി ട്രോഫിയിൽ എലൈറ്റ് ഗ്രൂപ്പ് ബിയിൽ കേരളവും മദ്ധ്യപ്രദേശും തമ്മിലുള്ള മത്സരത്തിന് ഇന്ന് തുടക്കമാകും. ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ കളിയിൽ സൗരാഷ്ട്രയ്ക്കെതിരെ കാഴ്ചവച്ച മികച്ച പ്രകടനത്തിൻ്റെ ആത്മവിശ്വാസവുമായാണ് കേരളം കളിക്കാനിറങ്ങുക. ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ മത്സരത്തിൽ നിന്ന് കേരളം മൂന്ന് പോയിൻ്റ് സ്വന്തമാക്കിയിരുന്നു. ഇതുൾപ്പടെ കേരളത്തിന് ആകെ അഞ്ച് പോയിൻ്റാണുള്ളത്. മറുവശത്ത് നാല് കളികളിൽ നിന്ന് 15 പോയിൻ്റുമായി ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് മധ്യപ്രദേശ്.

കേരള ടീമിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരിക്കിനെ തുടർന്ന് എ കെ ആകർഷിനെയും എൻ പി ബേസിലിനെയും ഒഴിവാക്കി. പകരം അഭിഷേക് ജെ നായർ, അഭിജിത് പ്രവീൺ, വൈശാഖ് ചന്ദ്രൻ, ശ്രീഹരി എസ് നായർ, വി അജിത് എന്നിവരെ ഉൾപ്പെടുത്തി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറുവശത്ത് ശുഭം ശർമ്മയുടെ കീഴിലാണ് മധ്യപ്രദേശ് കളിക്കാനിറങ്ങുക. യഷ് ദുബെ, ഹർപ്രീത് സിങ് തുടങ്ങിയ മികവുറ്റ താരങ്ങളും മധ്യപ്രദേശ് ടീമിലുണ്ട്.

കേരള ടീം - മൊഹമ്മദ് അസറുദ്ദീൻ, അഭിഷേക് പി നായർ, അഭിഷേക് ജെ നായർ, കൃഷ്ണപ്രസാദ്, രോഹൻ എസ് കുന്നുമ്മൽ, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ബാബ അപരാജിത്, വരുൺ നായനാർ, നിധീഷ് എം ഡി, ഏദൻ ആപ്പിൾ ടോം, അഭിജിത് പ്രവീൺ, ഹരികൃഷ്ണൻ എം യു, വൈശാഖ് ചന്ദ്രൻ, അങ്കിത് ശർമ്മ, സിബിൻ പി ഗിരീഷ്, ശ്രീഹരി എസ് നായർ, അജിത് വി.

കേരളത്തിന് തകർപ്പൻ വിജയം

അഹമ്മദാബാദ് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ റെയിൽവേസിനെ 4 വിക്കറ്റിന് തകർത്ത് കേരളം. തുടക്കത്തിലെ തകർച്ചയിൽ നിന്ന് ഉജ്ജ്വലമായി തിരിച്ചു വന്നായിരുന്നു കേരളം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് 49.2 ഓവറിൽ 266 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളം 48.1 ഓവറിൽ ലക്ഷ്യത്തിലെത്തി.

72 പന്തിൽ 80 റൺസ് നേടിയ അഞ്ചിത് ആണ് റെയിൽവേസിൻ്റെ ടോപ് സ്കോറർ.

എന്നാൽ ഒൻപത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ കൂടി നഷ്ടമായത് റെയിൽവേസിന് തിരിച്ചടിയായി.53 റൺസെടുത്ത അഭിഷേക് കൗശലും ഒരു റണ്ണെടുത്ത ക്യാപ്റ്റൻ ഇഷാൻ ഗോയലും റണ്ണൌട്ടിലൂടെയാണ് പുറത്തായത്. വൈഭവ് പാണ്ഡെയെയും തൌഫീഖ് ഉദ്ദിനെയും ആദിത്യ ബൈജു പുറത്താക്കിയപ്പോൾ ധർമ്മേന്ദ്ര ഥാക്കൂറിനെ പവൻ രാജും മടക്കി. ഇതോടെ ഒരു വിക്കറ്റിന് 180 റൺസെന്ന നിലയിൽ നിന്ന് ഏഴ് വിക്കറ്റിന് 189 റൺസിലേക്ക് കൂപ്പുകുത്തുകയായിരുന്നു റെയിൽവേസ്. ഏഴാമനായി ഇറങ്ങി 42 റൺസ് നേടിയ വിരാട് ജയ്സ്വാളിൻ്റെ പ്രകടനമാണ് റെയിൽവേസിൻ്റെ സ്കോർ 266ൽ എത്തിച്ചത്. കേരളത്തിന് വേണ്ടി അഭിറാം മൂന്നും ആദിത്യ ബൈജുവും പവൻ രാജും രണ്ടും വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 41 റൺസെടുക്കുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഒമർ അബൂബക്കർ 18 റൺസെടുത്തപ്പോൾ ഗോവിന്ദ് ദേവ് പൈയും ക്യാപ്റ്റൻ രോഹൻ നായരും റണ്ണൊന്നുമെടുക്കാതെ മടങ്ങി. നാലാം വിക്കറ്റിൽ കൃഷ്ണനാരായണും ഷോൺ റോജറും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. ഇരുവരും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. 54 റൺസെടുത്ത കൃഷ്ണനാരായൺ തൌഫീഖ് ഉദ്ദീൻ്റെ പന്തിൽ പുറത്തായി.

തുടർന്നെത്തിയ ഷോൺ റോജറും പവന്‍ ശ്രീധറും ചേർന്നുള്ള കൂട്ടുകെട്ടും കേരളത്തിന് കരുത്തായി. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 61 റൺസ് പിറന്നു. 70 റൺസെടുത്ത ഷോൺ റോജറെ ദമൻദീപ് സിങ് സ്വന്തം പന്തിൽ ക്യാച്ചെടുത്ത് പുറത്താക്കി. ഷോൺ റോജർ പുറത്താകുമ്പോൾ 69 പന്തുകളിൽ നിന്ന് 88 റൺസായിരുന്നു കേരളത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ സമ്മർദ്ദത്തിന് അടിപ്പെടാതെ അനായാസം ബാറ്റ് വീശിയ പവൻ ശ്രീധറും സഞ്ജീവ് സതീശനും ചേർന്ന് കേരളത്തിന് വിജയം ഒരുക്കുകയായിരുന്നു. 57 പന്തുകളിൽ 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. പവൻ ശ്രീധർ 56 പന്തുകളിൽ അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 71 റൺസെടുത്തു. സഞ്ജീവ് സതീശൻ 29 പന്തുകളിൽ നിന്ന് 38 റൺസുമായി പുറത്താകാതെ നിന്നു. വിജയത്തിന് മൂന്ന് റൺസകലെ പവൻ ശ്രീധർ പുറത്തായെങ്കിലും 11 പന്തുകൾ ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. റെയിൽവേസിന് വേണ്ടി ജംഷേദ് ആലം നാല് വിക്കറ്റ് വീഴ്ത്തി.