ബൗളേഴ്‌സ് ഗാർഡൻ, കളി കയ്യിൽ

Sunday 16 November 2025 5:36 AM IST

കൊൽക്കത്ത: ബൗളർമാരുടെ പറുദീസയായി മാറിയ ഈഡൻ ഗാർഡൻസിൽ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ വ്യക്തമായ ആധിപത്യം നേടി ഇന്ത്യ. രണ്ടാം ദിനമായ ഇന്നലെ ഇന്ത്യയെ ഒന്നാം ഇന്നിംഗ്‌സിൽ 189 റൺസിന് ഓൾഔട്ടാക്കി 30 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനറങ്ങിയ ദക്ഷിണാഫ്രിക്ക സ്റ്റമ്പെടുക്കുമ്പോൾ 93/7 എന്ന നിലയിൽ പതർച്ചയിലാണ്. 3 വിക്കറ്റ് മാത്രം കൈയിലിരിക്കേ 63 റൺസിന്റെ ലീഡെ ദക്ഷിണാഫ്രിക്കയ്‌ക്കുള്ളൂ. 29 റൺസുമായി ക്യാപ്ടൻ ടെംബ ബവുമയും 1 റൺസുമായി കോർബിൻ ബോഷുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ. മൂന്നാം ദിനം തന്നെ കളികൈയിലാക്കാനുള്ല അവസരമാണ് ഇന്ത്യയ്‌ക്ക് കൈവന്നിരിക്കുന്നത്. എന്നാൽ ബൗളർമാരെ കൈ അയച്ച് സഹായിക്കുന്ന പിച്ചിൽ കാര്യങ്ങൾ കാത്തിരുന്ന തന്നെ കാരണം.

ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ 159 റൺസിന് ഓൾഔട്ടായിരുന്നു. രണ്ടാം ദിനം ആകെ 16 വിക്കറ്റുകളാണ് വീണത്.

ഹാമറായി ഹാർമ്മർ

ഇന്നലെ രാവിലെ 37/1 എന്ന നലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 30 റൺസിന്റെ ലീഡേ നേടാൻ സാധിച്ചുള്ളൂ. 189 റൺസിന്റെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യയെ ഒതുക്കി. 4 വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നർ സിമോൺ ഹാർമറും 3 വിക്കറ്റ് നേടിയ പേസർ മാർക്കോ യാൻസണും കൂടിയാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്, 119 പന്തിൽ 39 റൺസ് നേടിയ കെ.എൽ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വാഷിംഗ്‌ടൺ സുന്ദർ (29), റിഷഭ് പന്ത് (24 പന്തിൽ 27), രവീന്ദ്ര ജഡേജ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.ഹാർമർക്കെതിരെ സ്വീപ് ഷോട്ടിലൂടെ ഫോർ നേടുന്നതിനിടെ കഴുത്തിന് പരിക്കേറ്റ ക്യാപ്‌ടൻ ശുഭ്‌മൻ ഗിൽ റിട്ടയേർഡ് ഹർട്ടായി. പിന്നീട് താരം ബാറ്റ് ചെയ്യാനും ഫീൽഡിംഗിനും ഇറങ്ങിയില്ല. ഇന്ത്യയുടെ ,സ്കോർ 74ൽ എത്തിയപ്പോൾ സുന്ദറിനെ എയ്‌ഡൻ മർക്രത്തിന്റെ കൈയിൽ എത്തിച്ച് ഹാർമറാണ് ഇന്നലത്തെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്.

ജഡ്ഡു മാജിക്ക്

ഇന്ത്യയെ ചെറിയ സ്‌കോറിൽ ഒതുക്കാനായതിന്റെ സന്തോഷത്തിൽ രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കും കാര്യങ്ങൾ അനുകൂലമായിരുന്നില്ല.ഇന്ത്യൻ ഒരുക്കിയ സ്‌പിൻ കെണിയൽ അവർ കൃത്യമായി വീഴുകയായിരുന്നു. 4 വിക്കറ്ര് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയിൽ കൂടുതൽ കുഴപ്പമുണ്ടാക്കിയത്. കുൽദീപ് രണ്ടും അക്ഷർ 1 വിക്കറ്റും വീഴ്‌ത്തി. ഓപ്പണർ റയാൻ റിക്കൽറ്റണെ (11)​ വിക്കറ്റിന് മുന്നിൽ കുടുക്കി കുൽദീപാ‍ണ ്ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. മർക്രം (4)​,​ വിയാൻ മുൾഡർ (11)​,​ ഡി സോർസി (2)​,​ ടിസ്റ്റൻ സ്‌റ്റബ്‌സ് (5)​,​ കെയ്ൽ വെരെയെന്നെ (9)​ മാർക്കോ യാൻസൺ (13)​ എന്നിവരുടെ വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നലെ നഷ്‌ടമായി.