സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകന്റെ ആത്മഹത്യ; എഫ് ഐ ആർ രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിന്റെ മനോവിഷമത്തിലാണ് ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ്.കെ.തമ്പി ജീവനൊടുക്കിയതെന്ന് എഫ് ഐ ആർ. ആനന്ദിന്റെ സഹോദരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയത്. അസ്വാഭാവിക മരണത്തിനാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആനന്ദിന് മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനോവിഷമത്തിലായിരുന്നു. ഇതേത്തുടർന്നാണ് ആത്മഹത്യയെന്നാണ് അറിയാൻ സാധിച്ചതെന്നാണ് ബന്ധുവിന്റെ മൊഴി. ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നവരുടെ മൊഴി വൈകാതെ ശേഖരിക്കുമെന്നും വിവരമുണ്ട്.
തൃക്കണ്ണാപുരം പ്ളാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ്.കെ.തമ്പിയാണ് (39) വീടിന് പുറകിലെ ഷെഡിൽ തൂങ്ങിമരിച്ചത്. ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാകുറിപ്പ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകർക്കും അയച്ചശേഷമാണ് ആത്മഹത്യചെയ്തത്. എല്ലാവരും ഉടൻ പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് എത്തി നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 4.50ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം രാത്രിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌കരിക്കും. കോർപറേഷനിലേക്ക് തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക വന്നപ്പോൾ ആനന്ദില്ലായിരുന്നു. സ്വതന്ത്രസ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതോടെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും അകന്നു. വീട്ടുകാർക്കും കടുത്ത ദേഷ്യവും അമർഷവുമായി. ഈ സാഹചര്യത്തിൽ നാടിനും വീടിനും വേണ്ടാത്ത വ്യക്തിയായി ജീവിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ജീവിതംഅവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.