'ആർഎസ്എസ് നേതാക്കളുടെ വ്യക്തിഹത്യ താങ്ങാൻ കഴിഞ്ഞില്ല'; ആരോപണങ്ങളുമായി ജീവനൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തക
തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളുടെ വ്യക്തിഹത്യ താങ്ങാൻ കഴിഞ്ഞില്ലെന്ന് നെടുമങ്ങാട് നഗരസഭയിൽ സീറ്റ് നിഷേധിച്ചതിൽ ജീവനൊടുക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തക ശാലിനി അനിൽ. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശാലിനി. ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയാണ് ശാലിനി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അവർ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
'ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അപവാദം പറഞ്ഞു. അവര്‍ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ ചെയ്തത്.കുടുംബത്തെ മൊത്തത്തിൽ വ്യക്തിഹത്യ ചെയ്തു. വ്യക്തിപരമായി പലരോടായി അപവാദം പറഞ്ഞു നടക്കുകയായിരുന്നു. നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. ഭര്‍ത്താവിനോടും തന്നോടും ചിലര്‍ ഇക്കാര്യം പറഞ്ഞു. നെടുമങ്ങാട് പനങ്ങോട്ടല വാർഡിൽ ബിജെപി നേതൃത്വം തന്നെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്.
എന്നാൽ എനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താൽപര്യം. ഇതുസംബന്ധിച്ച് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന് മാത്രമാണ് താൻ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പുണ്ടായിരുന്നത്. വ്യക്തിഹത്യ താങ്ങാനാവാതെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ പ്രസ്ഥാനം പറയുന്നതുപോലെ ചെയ്യും'- ശാലിനി പറഞ്ഞു.
ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ശാലിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പനക്കോട്ടല വാർഡിൽ ശാലിനി പ്രചാരണ രംഗത്തുണ്ടായിരുന്നു. ബിജെപിയുടെ സജീവപ്രവർത്തകയാണ്. സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോൾ ശാലിനിയെ പട്ടികയിൽ നിന്നൊഴിവാക്കി. പിന്നാലെ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നാണ് വിവരം.