'പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോ?'; ആര്യയ്ക്ക് സീറ്റ് നൽകാത്തതിൽ വിശദീകരണം
തിരുവനന്തപുരം: മുൻ മേയർ അര്യാ രാജേന്ദ്രന് കോർപറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ വ്യക്തത വരുത്തി മന്ത്രി വി ശിവൻ കുട്ടി. പത്താം ക്ലാസിൽ പഠിച്ച കുട്ടിയെ എട്ടാം ക്ലാസിൽ ഇരുത്താനാകില്ലല്ലോയെന്നാണ് അദ്ദേഹം പറഞ്ഞത്. മികച്ച സ്ഥാനങ്ങളിൽ ഇനിയും ആര്യയെ കാണാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്യാ രാജേന്ദ്രൻ തന്റെ പ്രവര്‍ത്തന മേഖല കോഴിക്കോട്ടേയ്ക്ക് മാറ്റാന്‍ പാര്‍ട്ടിയോട് അഭ്യര്‍ത്ഥിച്ചുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം.
ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാർത്ഥിയെ സംബന്ധിച്ച ചോദ്യത്തിന് വലിയ രാഷ്ട്രീയപാർട്ടികൾ ആകുമ്പോൾ ഇത്തരം ചില അപ ശബ്ദം ഉണ്ടാകുമെന്നും മന്ത്രി പ്രതികരിച്ചു. 'അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതർ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്.101 സ്ഥാനാർത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലർ ഇത്തരം വിമതരാകും.പക്ഷേ ബിജെപിയിൽ ഉള്ളത് പോലുള്ള കെടുതിയില്ല'- മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ആര്യ തന്റെ പ്രവർത്തനമേഖല കോഴിക്കോട്ടേയ്ക്ക് മാറ്റുകയാണെന്ന തരത്തിലുളള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായതാണ്. ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻദേവാണ് ആര്യയുടെ ഭർത്താവ്. സച്ചിൻദേവ് കോഴിക്കോട്ടും ആര്യ കുഞ്ഞുമായി തിരുവനന്തപുരത്തുമാണ് താമസം. ഈ സാഹചര്യത്തിലാണ് താമസവും രാഷ്ട്രീയപ്രവർത്തനവും കോഴിക്കോട്ടേക്ക് മാറ്റാനുള്ള താൽപര്യം. പാർട്ടി ഇക്കാര്യം സജീവമായി പരിഗണിക്കുന്നുവെന്നാണ് വിവരം.
ബാലസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് ആര്യ 21-ാം വയസിൽ തിരുവനന്തപുരം കോർപറേഷന്റെ മേയറായത്. 2022 സെപ്റ്റംബറിലാണ് എസ്എഫ്ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവുമായുള്ള വിവാഹം നടന്നത്. ഇരുവർക്കും രണ്ട് വയസുള്ള കുഞ്ഞുണ്ട്.