'സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ ഞാൻ പത്തുപതിനഞ്ച് പ്രാവശ്യം ചെയ്യണമായിരുന്നു'
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നിഷേധിച്ചതിൽ മനംനൊന്ത് ആർ.എസ്.എസ് പ്രവർത്തകൻ ജീവനൊടുക്കിയത് വ്യക്തിപരമായ മാനസിക വിഭ്രാന്തിയെ തുടർന്നാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്‌ണൻ. തൃക്കണ്ണാപുരം പ്ളാവിള ജയ് നഗർ സരോവരത്തിൽ ആനന്ദ്.കെ.തമ്പിയാണ് (39) വീടിന് പുറകിലെ ഷെഡിൽ തൂങ്ങിമരിച്ചത്. ആനന്ദ് ആത്മഹത്യ ചെയ്തതിൽ പാർട്ടി അന്വേഷണം നടത്തുമെന്നും ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യണമെങ്കിൽ താൻ പത്ത് പതിനഞ്ച് പ്രാവശ്യം ആത്മഹത്യ ചെയ്യേണ്ടതാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. വിഷയത്തിൽ കൂടുതൽ ചർച്ച ചെയ്യാൻ ഇപ്പോൾ കഴിയില്ലെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കോർപറേഷനിൽ 22 വാർഡുകളിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന ആത്മഹത്യാകുറിപ്പ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും പരിചയക്കാരായ മാദ്ധ്യമ പ്രവർത്തകർക്കും അയച്ചശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. എല്ലാവരും ഉടൻ പൊലീസിനെ അറിയിച്ചു. പിന്നാലെ വീട്ടിലേക്ക് എത്തി നടത്തിയ തെരച്ചിലിലാണ് വൈകിട്ട് 4.50ഓടെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോർപറേഷനിലേക്ക് തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും പട്ടിക വന്നപ്പോൾ ആനന്ദില്ലായിരുന്നു. സ്വതന്ത്രസ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചതോടെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും അകന്നു. വീട്ടുകാർക്കും കടുത്ത ദേഷ്യവും അമർഷവുമായി. ഈ സാഹചര്യത്തിൽ നാടിനും വീടിനും വേണ്ടാത്ത വ്യക്തിയായി ജീവിക്കാൻ ബുദ്ധിമുട്ടുള്ളതിനാൽ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.